അവന്റെ കഥ എന്നു പറയുമ്പോ, അങ്ങനൊന്നില്ല. അവനേയില്ല. ആരുടെയൊക്കെയോ കഥകളിൽ ഇഴഞ്ഞുനടക്കുന്ന ഒരുത്തൻ. അവന്റെ പേരിന് മുൻപില്ല. പിൻപ്, അതൊട്ടുവില്ല. വാസു; അത്രമാത്രമാണയാൾ.
കണ്ണൻ സാർ
വാസുവിനെക്കുറിച്ച് ആദ്യമായി എഴുതുന്നത് ഞാനല്ല. അത് അമ്പലപ്പടി പോലീസ് സ്റ്റേഷനിലെ റൈറ്റർ കണ്ണൻ സാറാണ്. കൃത്യമായി പറഞ്ഞാൽ, വാസു ഷൈലജയുടെ മുലയ്ക്കു പിടിച്ചെന്ന് പറയപ്പെടുന്ന അന്ന്.
ബസ്സിലെ തിക്കിലും തിരക്കിലും ഞെരുങ്ങിനിൽക്കേ, ആരോ തന്റെ മാറിടത്തിൽ പിടിച്ച് കശക്കിയത് ഒരലർച്ചയോടെയാണ് അവൾ അറിയിച്ചത്. ‘ആരോ’ എന്ന വാക്കിനും ‘വാസു’ എന്ന പേരിനും സാദൃശ്യം കണ്ടെത്തി ആരൊക്കെയോ ചേർന്ന് വാസുവിനെ കഴുത്തിനുപിടിച്ച് പുറത്തേക്കെറിഞ്ഞു. സംഭവിക്കുന്നത് എന്താന്നെന്ന് മനസ്സിലായിവന്നപ്പോഴേക്കും, പിന്നാലെ വന്നൊരു വാനിലെത്തിയിരുന്നു അവൻ. ചുറ്റിന് പരിചയമുള്ളതും ഇല്ലാത്തതുമായ നാലഞ്ച് പേർ. പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞ ആ വാനിന്റെ തറയിൽക്കിടന്ന് “ഞാ… -ന്നും ചെയ്തില്ല ചേട്ടായീ” എന്ന് കരഞ്ഞതിന് അവന്റെ മൂക്കും വായും മുട്ടും ചോരയൊഴുക്കി. നൊന്ത് നൊന്ത്, കരച്ചിൽ “അറിയാണ്ടാ.. -ട്ടായി” എന്നായപ്പോ, അവർ അവന്റെ കവയിടുക്കിൽ ആഞ്ഞു തൊഴിച്ചു; വൃക്ഷണങ്ങളിൽ അമർത്തി ഞെരടി.
“നീ ചെയ്തതാണോടാ?”
വാസു ഒന്നും മിണ്ടിയില്ല.
“നിന്റെ വായ്ക്കാത്ത് പട്ടി പെറ്റുകിടക്കണ്ടോടാ കഴുവേറി?”
കവിളിൽ കുത്തിപ്പിടിച്ച് ചോദിച്ചതുകൊണ്ട് മിണ്ടാൻ പറ്റിയില്ല.
“മൂത്ത് നടക്കാ സാറേ. ഒരൊറ്റ പെണ്ണിനും അടുത്തൂടെ പൊക്കൂട.”
പറഞ്ഞയാളെ വാസു ഒന്നുനോക്കുകമാത്രം ചെയ്തു. ഇതേത്തുടർന്നാണ് കണ്ണൻ സാർ അയാളുടെ നോട്ട് പാഡിൽ ഇങ്ങനെ എഴുതിത്തുടങ്ങിയത് :
വാസു S/O –
Son of? കഴുവേറി. കഴുവേറീടെ മോൻ. അതവൻ പുതുതായി കേൾക്കുന്ന വിശേഷണമല്ല. എന്തുകൊണ്ടങ്ങനെയെന്ന് ആരോടും അവൻ ചോദിച്ചിട്ടുവില്ല. വാസുവിന്റെ ചോദ്യങ്ങളിൽ ഏറെയും ചോദിക്കപ്പെടാത്തവയായിരുന്നു. ചോദിച്ചവ, ഉത്തരം കൊടുക്കപ്പെടാത്തവയും.
കൊച്ചാട്ടൻ
പന്നിക്കുട്ടന്മാരുടെ വരി ഉടയ്ക്കാൻ കൊച്ചാട്ടന് കൂട്ടുനിന്ന അന്നാണ് തന്റെ വൃക്ഷണങ്ങളിൽ വാസുവിന് ആദ്യമായി വേദന തോന്നിയത്.
“വിത്തുഗുണം ഇല്ലാന്ന് തോന്നിയാ അപ്പൊപ്പിടിച്ച് ചെത്തി വിട്ടേക്കണം. നേരത്തും കാലത്തും ഉണ്ട പൊട്ടിച്ചുവിട്ടാ ഉണ്ടല്ലോ, ഈറ്റകൾടെ മൂച്ചും കൊറയും, വീപ്പക്കുറ്റിമാരി ഇങ്ങ് പൊരേം ചെയ്യും.”
ചൂണ്ടിക്കാണിച്ച കണ്ടന്റെ പിൻകാല് രണ്ടും വശങ്ങളിലേക്കകത്തിപ്പിടിച്ച് കൊച്ചാട്ടന്റെ മുന്നിൽ നിർത്തിയേക്കായിരുന്നു വാസു. ബ്ലേഡിന്റെ മുന വൃക്ഷണസഞ്ചി കീറി അകത്തേക്കു കേറിയപ്പോ പിടച്ചത് കണ്ടനാണേലും, തെറി കേട്ടത് കണ്ണിറുക്കി നിന്ന വാസുവാ.
“മുറുകെ പിടിക്കെടാ കഴുവേറീടെ മോനേ…”
അവനു മൂത്രം മുട്ടി. കാലിടുക്കിൽ തരിപ്പും വേദനയും തോന്നി.
അന്ന് രാത്രി, ഇടയ്ക്കെപ്പോഴോ വാസു പിടഞ്ഞെണീറ്റ് വെളിച്ചം കത്തിച്ചു. വിളക്കിനുമുന്നിൽ കുന്തിച്ചിരുന്ന്, ചുണങ്ങ് പടർന്ന കവയിടുക്കിലേക്ക് നോക്കി. വിളക്കിന്റെ കരിപുക പൊതിഞ്ഞ വൃക്ഷണങ്ങളെ കുറേയധികം താലോലിച്ചു. കൊച്ചാട്ടൻ വന്നു ചെത്തിക്കളയാതിരിക്കാൻ, കൈ രണ്ടും കവയിടുക്കിലേക്ക് തിരുകി, പൊതിഞ്ഞുപിടിച്ച് കിടന്നുറങ്ങി.
രജനി
രജനിയുടെ കഥയിലേക്ക് വാസു വന്നുകേറിയതല്ല. വിളിച്ചുകേറ്റിയതാണ്; അവളായിട്ടുതന്നെ.
ചിലവിന് തരാം, ഇടയ്ക്കിടെ ആരും കാണാതെ വന്ന് സ്നേഹിക്കയും ചെയ്യാം; പക്ഷെ താലി കെട്ടി കൂടെ പൊറുപ്പിക്കാൻ പറ്റില്ലെന്ന് മേസൻ തീർത്തുപറഞ്ഞപ്പോ പണിക്കാരിക്ക് വേറെ വഴിയില്ലായിരുന്നു. വയറ് വീർത്തുവരാ, നാട്ടുകാരറിഞ്ഞും.
‘കള്ളക്കഴുവേറി ചരക്ക് മുതലാളിയായി’ എന്നായിരുന്നു ആ പ്രധാന വാർത്തയുടെ തലക്കെട്ട്. കൂടിപ്പാർക്കലിന്റെ അഞ്ചാം മാസം രജനിക്ക് പേറ്റുനോവുണ്ടായി. ആശുപത്രിക്ക് പോകാനുള്ള ഓട്ടർഷയിലേക്ക് അവളെ പിടിച്ചു കേറ്റിയത് വാസുവാണ്. അവനവളെ ആദ്യമായി തൊട്ടതും അന്നുതന്നെ. പതിനാല് വർഷത്തോളം നീണ്ട ആ വാസത്തിനിടയിൽ രണ്ടു തവണയാണ് അവൻ അവളുടെ ചൂടറിഞ്ഞത്. മേസനെ അറിഞ്ഞ് അവൾ പെറ്റത് മൂന്നു പെൺകുഞ്ഞുങ്ങളെയും.
തൊണ്ണൂറ്റൊന്നിലെ ചൂടുപനികാലത്ത് രജനിയും കുമിളച്ചു. പുതുതായി വന്ന ഹോമിയോ ക്ലിനിക്കിൽനിന്ന് വാസു അവൾക്ക് പനിക്കുള്ള പഞ്ചാരഗുളിക മേടിച്ചുകൊടുത്തു. അവളുടെ കട്ടിലിന്മേൽ ആരിവേപ്പില പറിച്ച് വിതറി. അടുപ്പ് പുകയ്ക്കുകയും തുണി തിരുമ്മുകയും ചെയ്തു. അകറ്റിനിർത്താൻ അവൾ പറഞ്ഞതിനൊയൊക്കെയും “എനിക്ക് വന്നിട്ടൊള്ളയാ. ഇനി വരൂല.” എന്നു പറഞ്ഞ് ഒരു ചിരി മാത്രമാണവൻ മറുപടി കൊടുത്തത്.
ഏഴാം നാൾ പച്ചമഞ്ഞളും വേപ്പും കൂട്ടി കുളിച്ചുകയറിയ രജനി, തന്റെ തല തോർത്തിക്കൊടുത്തുകൊണ്ടുനിന്ന വാസുവിനെ വരിഞ്ഞുമുറുക്കി ഒരുമ്മ കൊടുത്തു – കഴുത്തിൽ. നനഞ്ഞൊട്ടിയ തുണിയുമായവൾ അകന്നുമാറിയ ആ നിമിഷം അവളുടെ മുലഞെട്ടുരസിയ അവന്റെ നെഞ്ചിൽ ഒരു പനിക്കുമിള പൊള്ളിക്കുരുത്തു. പതിനൊന്നു നാൾ അവളുടെ ചൂട് അവനിൽ നിന്നു.
നാലേപ്പാട്ട് അമ്പലത്തിലെ ഉത്സവത്തിന്റെ അന്ന് രജനി ഒരാഗ്രഹം പറഞ്ഞു; പുളിയിലയിൽ ചുട്ട മീൻ തൊട്ടുകൂട്ടി കള്ളുകുടിക്കണം. വാസു മനസ്സറിഞ്ഞ് ചിരിച്ച ഏക രാത്രിയായിരുന്നത്. രണ്ടാം കുപ്പിയുടെ മട്ടുതെളിഞ്ഞപ്പോൾ അവളും പയ്യെ ചിരിച്ചുതുടങ്ങി. പരസ്പരം തൊട്ടുരുമ്മിയിരുന്ന് അമ്മിണിയമ്മ നാരകമുള്ളുകൊണ്ട് തന്റെ കാതുകുത്തിയ കഥ അവളവനോടുപറഞ്ഞു. വേദന കുറയുന്നത് വരെ പറമ്പിലൂടെ നിർത്താതെ ഓടിയെന്ന്! മൂന്നാം കുപ്പി പകുതിയായപ്പോ അവൾ ഓടിക്കാണിക്കുകപോലും ചെയ്തു.
വെള്ളിയരഞ്ഞാണത്തിനായി കൊതിച്ചത്, പശുവിനെ ചവിട്ടിക്കുന്നത് ഒളിഞ്ഞുനിന്ന് കണ്ടതിന് അമ്മ പിടിച്ച് കിഴുക്കിയത്, തോട്ടിൽ വച്ച് നീർക്കോലി കാലിൽച്ചുറ്റിയത്, ഒരിക്കൽ തെങ്ങു ചെത്തായിരുന്ന വറുഗീസിന്റെ എന്തോ കണ്ട് കൂക്കിവിളിച്ചത്, അങ്ങനെയങ്ങനെ ഒന്നിനുപിറകേ ഒന്നായ് അവൾ മനസ്സുതുറന്നു. നന്നേ ചെറുപ്പത്തിൽ കടലമിഠായി വാങ്ങിക്കൊടുക്കുന്ന ആർക്കും അവൾ തുരുതുരെ ഉമ്മകൊടുക്കുമായിരുന്നെന്നുകേട്ട് വാസു പൊങ്ങിച്ചിരിച്ചു. നാലാം കുപ്പിയുടെ കഴുത്തുതെളിഞ്ഞ നേരം, വാസു അവളെ പുണർന്നു. കൈ മെല്ലെ വയറിൽ പരതി കീഴോട്ടൂർന്നപ്പോൾ, അവളവനെ തട്ടിത്തെറുപ്പിച്ച് കരണത്തടിച്ചു.
“പന്ന കഴുവേറി…”
ഒരു പുരുഷൻ
തടി അട്ടിയിടാൻ പാകത്തിന് ലോറി ലെവലാക്കി നിർത്തിയശേഷം, ദിവാന്റെ ചായക്കടയിൽനിന്ന് ഒരു ചായ കുടിക്കുന്ന പതിവുണ്ടയാൾക്ക്; പുരുഷന്. പുരുഷൻ – അതാണ് അയാളുടെ പേര്. പുരുഷൻ കടയിലേക്ക് കേറിപ്പോകാറില്ല. നന്നേ അഴവുള്ള ഷർട്ടിന്റെ അവസാനത്തെ രണ്ട് ബട്ടൻസ് മാത്രം കുടുക്കി, ലോറിക്കപ്പുറം റോഡരികിലെ മാട്ടപ്പുറത്ത് കുത്തിയിരിക്കുന്ന അയാൾക്ക് ദിവാന്റെ മോൻ ചായ എത്തിച്ചുകൊടുക്കും. മോളെ ദിവാൻ വിടാറില്ല.
ചായ തീരുന്ന നേരം നോക്കി കുറച്ച് തലതെറിച്ച പിള്ളേർ അയാളെ പൊതിയും. പിന്നീട് അവിടെ നടക്കുന്ന സംസാരം – കഴിഞ്ഞ തവണ ലോഡുമായിപോയപ്പോൾ അയാൾ കണ്ട തമിഴത്തിയെയോ, ഹിന്ദിക്കാരിയെയോ, തെലുങ്കത്തിയെയോ കുറിച്ച് ആയിരിക്കും. അവളുടെ ശരീരത്തിന്റെ മുക്കും മൂലയും അവർക്കു വിവരിക്കും. അയാളുടെ ഉറക്കച്ചടവുള്ള പകലുകളിൽ അവൾ ഇറ്റിച്ചുകൊടുത്ത വിയർപ്പുതുള്ളികളുടെ ഉപ്പുരസം പകർന്നു കൊടുക്കും.
ഇത്രടംവരെയുള്ള പുരുഷന്റെ കഥയിൽ വാസു ഒരു വഴിപോക്കൻ മാത്രമാണ്. അത്, മേസന്റെ രണ്ടാമത്തെ മകളെ, വളർത്തച്ഛൻ വാസുവിന്റെ മൂത്തമകളെ പുരുഷൻ കാണുന്നതുവരെ മാത്രം.
സജിതയ്ക്കന്ന് പതിമൂന്നു കഴിഞ്ഞിട്ടേയുള്ളൂ. ജോസേട്ടന്റെ പലചരക്ക് കടയിൽനിന്ന് പരിപ്പും കായപ്പൊടിയും വാങ്ങി തിരികെവരുമ്പോഴാണ് ഒരു കൈകൊട്ടും വിളിയും അവൾ കേട്ടത്. പുരുഷൻ സജിതയോട് വിശേഷം ചോദിച്ചു. അമ്മയോട് അന്വേഷണം അറിയിക്കാൻ പറയുകയും ചെയ്തു. മിഠായി മേടിക്കാൻ കൊടുത്ത രണ്ടുരൂപ മടികൂടാതെ മേടിച്ച് തിരിച്ചുനടന്നപ്പോൾ, സജിതയുടെ പ്രായത്തിൽ കവിഞ്ഞ വളർച്ചയെ അയാൾ ആഴത്തിലളന്നു.
പിന്നീടൊരിക്കൽ അയാളവളെ ലോറിയിൽ എടുത്തുകയറ്റുകയും എടുത്തിറക്കുകയും ചെയ്തു. തമാശ പറഞ്ഞ് ഇക്കിളി കൂട്ടി. കാണുമ്പോഴെല്ലാം ചില്ലറത്തുട്ടുകൾ കൊടുത്തു.
ഒരു നട്ടുച്ചക്ക്, ലോറിയിലിരുന്ന് സംസാരിച്ചിരിക്കേ, പുരുഷൻ സജിതയെ മടിയിലേക്ക് വലിച്ചിരുത്തി. കഴുത്തിൽ മെല്ലെ കമ്മി – കടിച്ചു. മറ്റാരും അന്നേവരെ തൊടാത്തയിടങ്ങളിൽ അയാളുടെ കൈയ്യെത്തിയപ്പോൾ അന്നേവരെ തോന്നാത്തതെന്തോ അവൾക്ക് തോന്നി. മുഖം ചുവന്നു. അടിവയർ കനത്തു. അറിയാതെ തന്നെ ആ തോന്നൽ അവളിഷ്ടപ്പെട്ടുതുടങ്ങി.
ആ ഇഷ്ടമാണ് പലതവണ അവളെ ലോറിക്കുള്ളിലും ഇരുട്ടുപടരുമ്പോൾ വീടിനോട് ചേർന്ന റബ്ബർ തോട്ടത്തിലെ ഷീറ്റുപുരയിലും എത്തിച്ചത്.
ഒരു സ്ത്രീ
കാലിടുക്കിലെ വിങ്ങലിലും നീറ്റലിലും കണ്ണുതുറന്ന വാസുവിന് താൻ ആശുപത്രിക്കിടക്കയിലാണെന്ന് മനസ്സിലായി. അവന്റെ കാലും കയ്യും കാട്ടിൽകാലുകളിലേക്ക് പിടിച്ചുകെട്ടിയിരുന്നു. നെറ്റിയിലും, പുറംകഴുത്തിലും, കൈകാലുകളിൽ അങ്ങിങ്ങും വച്ചുകെട്ടുകളുണ്ടായിരുന്നെങ്കിലും മധ്യഭാഗത്തെ വേദനയാണ് വാസുവിന് അസഹ്യമായി തോന്നിയത്. കുഴഞ്ഞുവീണ സമയത്ത് ആരെങ്കിലും തന്റവിടെ തൊഴിച്ചിട്ടുണ്ടാകാമെന്ന് അവൻ സ്വയം പറഞ്ഞു.
“കഴുവേറി… മൂത്ത് മൂത്ത് അവൻ സ്വന്തം മോളെത്തന്നെ കേറി -“
“മുരുക്കേകേറ്റി ഊർത്തണം നായിന്റെ മോനെ.”
“അവക്ക് നീരുവറ്റിയപ്പോ, മോളെ പിടിച്ചു -“
“കൊന്നുകളയണം -“
ചോരയൊഴുകുന്ന ചെവികൊണ്ട് ഇത്രയൊക്കെയാണ് വാസു കേട്ടത്. തല്ലിച്ചതക്കുന്നവർ കാര്യമോ കാരണമോ അവനെ അറിയിക്കാറില്ലല്ലോ; അന്നും മറിച്ചായിരുന്നില്ല.
മകൾക്ക് സംഭവിച്ചതെന്തെന്ന് അറിയുന്നതുവരെയേ അവൻ തടുത്തുനിൽക്കാൻ ശ്രമിച്ചുള്ളൂ. പിന്നീടവർ തല്ലിച്ചതച്ചത് മനസ്സുകൈവിട്ട ഒരു മെല്ലിച്ച ശരീരത്തെയാണ്.
കൂട്ടത്തിൽ പുരുഷനും ഉണ്ടായിരുന്നു. അയാളുടെ ആക്കം ചെന്ന ഒരടിക്കാണ് വാസുവിന്റെ കൃഷ്ണമണി മറിഞ്ഞതും ബോധം പോയതും.
‘അച്ഛനാണ്’ന്ന് സജിത പറഞ്ഞെന്ന് കേട്ടപ്പോൾ വാസു വാവിട്ട് കരഞ്ഞു. കട്ടിലിൽ തലയിടിച്ചുപൊട്ടിച്ചു. പിടഞ്ഞെണീറ്റ് കൈകാലുകളിലെ കെട്ടുപൊട്ടിക്കാൻ നോക്കുന്നത് കണ്ടപ്പോൾ, ചുറ്റി നിന്നവർ അവന്റെ തൊണ്ടക്കുഴിക്ക് കുത്തിപ്പിടിച്ച് കട്ടിലിലേക്ക് താത്തി. ചെവികൂട്ടി കരണത്തടിച്ചു. വായിൽ പഞ്ഞിക്കെട്ട് തിരുകി. അവന്റെ വൃക്ഷണസഞ്ചിയിലെ തുന്നൽപോട്ടി ചോരയൊഴുകി.
ക്യാഷ്വാലിറ്റിയിൽനിന്ന് താങ്ങിപ്പിടിച്ച് രജനി അവളെ പുറത്തേക്കിറക്കുമ്പോൾ സജിതയുടെ വേഷം നെറ്റിയായിരുന്നു. അവളുടെ പ്രായം പതിനാലും. അവരോടൊപ്പം ഇറങ്ങിവന്ന സ്ത്രീയെ വാസു അറിയില്ല. ഡോ. ബീന – അവരാണ് സജിതയുടെ വയറ്റിലെ തുടിപ്പും വാസുവിന്റെ വൃക്ഷണങ്ങളും പിഴുതുകളഞ്ഞത്.
മൂർഖനും മൂങ്ങയും
വാസു ഷീറ്റുപുരയിലെത്തിയിട്ട് ഒരു രാത്രിയും ഒരു പകലും കഴിഞ്ഞിരുന്നു. ആട്ടും തുപ്പും കുത്തുവാക്കുകളും മടുത്തപ്പോൾ, രണ്ടാംനാൾ അയാൾ ആശുപത്രിക്കിടക്ക വിട്ടു. ഒന്നും കഴിച്ചില്ല, കുടിച്ചില്ല. കാലിടുക്കിലെ നീരും പഴുപ്പും ഉണ്ടാക്കിയ വേദനയിലും വിങ്ങലിലും ഷീറ്റുപുരയുടെ പൊട്ടിപ്പൊളിഞ്ഞ തറയിൽ അവൻ ചുരുണ്ടു.
രണ്ടാം രാത്രി വളരെ വൈകിയാണ് വാസു അതിനു മനസ്സുറപ്പിച്ചത്. അവനു സംസാരിക്കണം – രജനിയോടും സജിതയോടും.
വേച്ചുവിറച്ച് വീടിന്റെ കൊച്ചെറയത്ത് കേറിയ വാസുവിനെ രജനിയുടെ മുറിയിൽ മാത്രം കണ്ട വെളിച്ചമാണ് ജനലിനരികിലേക്കെത്തിച്ചത്. അവൾ ഒറ്റക്കായിരുന്നില്ലവിടെ. അവളിൽ പടർന്ന് പുരുഷനും.
ആദ്യമായി വാസു ഭാര്യയുടെ നഗ്നത കണ്ടു. മുല കണ്ടു. ഒരിക്കൽ അവനിൽ പനിക്കുരു മുളപ്പിച്ച അവളുടെ മുലഞെട്ട് എഴുന്നുനിൽക്കുന്നതുകണ്ടു. ഇടിഞ്ഞുതുടങ്ങിയ വയറും പൊക്കിളും കണ്ടു. അരഞ്ഞാണത്തിനായി കൊതിച്ച അര കണ്ടു. തുടയും രോമാവൃതമായ യോനിയും കണ്ടു.
വാസു അയാളെ നോക്കിയില്ല. അവളെയായിരുന്നു അവനു കാണേണ്ടിയിരുന്നത്.
നിറഞ്ഞൊഴുകുന്ന കണ്ണ് കൈപ്പുറംകൊണ്ട് വീണ്ടും വീണ്ടും തുടച്ച് വാസു തിരിച്ചുനടന്നു. നടത്തത്തിന്റെ ആക്കം കൂടുന്നതനുസരിച്ച് വൃക്ഷണസഞ്ചിയുടെ മുറിവിൽനിന്ന് പഴുപ്പും ചലവും ചാടി.
ഷീറ്റുപുരയിൽ തിരിച്ചെത്തിയ വാസു മറ്റാരോ ആയി മാറുകയായിരുന്നു. അവന്റെ തല നിലയുറയ്ക്കാതെ വെട്ടി. മൂക്കും വായും വെള്ളമൊലിപ്പിച്ചു. കയ്യും കാലും വേച്ചുവിറച്ചു. ഭ്രാന്തല്ല; മരണത്തോടുള്ള കൊതിയായിരുന്നവന്.
ഒറ്റയിറക്കിൽ കുടിച്ച ആസിഡ് വാസുവിന്റെ നാവും നാളവും ശ്വാസകോശവും കരിച്ച് കീഴോട്ടുതുരന്നു. കണ്ണുമിഴിച്ച് എങ്ങോട്ടെന്നില്ലാതെ അവൻ ഇറങ്ങിയോടി. താട ദ്രവിച്ച് ദ്വാരംവീണു. മരണവെപ്രാളത്തിൽ ഓടിയ വാസു മരങ്ങളിൽ ചെന്നിടിച്ച് തെറിച്ചുവീണു. ചോര ചീറ്റി. പിടഞ്ഞെണീറ്റ് വീണ്ടും ഓടി. ഒടുക്കം നിലത്തുവീണ്, കയ്യിൽ തടഞ്ഞതെല്ലാം അള്ളിപ്പറിച്ചെടുത്ത് മണ്ണിലുരുണ്ടു; പ്രാണൻ എരിഞ്ഞുതീരുംവരെ.
വാസുവിന്റെ മരണത്തിന് സാക്ഷികൾ രണ്ടാണ്.
കണ്ണടവച്ച എഴുത്തുകാരൻ
തന്റെ കണ്ണട സ്ഥാനംപിടിച്ചുവെച്ച്, ഒരിക്കൽ ആ എഴുത്തുകാരൻ വാസുവിനെക്കുറിച്ച് എഴുതിത്തുടങ്ങും. അവൻ കറുത്തിട്ടാണെന്നും, പല്ല് -ഉന്തിയതും ബീഡിക്കറ പിടിച്ചതാണെന്നും പറയും. അവന്റെ മുൻതലമുറയെയും അവരുടെ കണ്ണീരിനെയും കുഴിതോണ്ടിയെടുക്കും. വാസുവിന് ജാതിയും മതവും വിശ്വാസങ്ങളും രാഷ്ട്രീയവും കൊടുക്കും. അവന് രജനിയോടുള്ള തീവ്രപ്രണയത്തിന്റെ കഥ പറയും. അവളെയും മക്കളെയും എന്തുകൊണ്ട് ഇട്ടെറിഞ്ഞുപോയില്ലെന്ന് കുറിക്കും. ഷീറ്റുപുരയുടെ മൂലയിൽ പൊട്ടിക്കിടക്കുന്ന സജിതയുടെ പാവാട കുടുക്കുകൾ വാസുവറിയാതെ കാട്ടിത്തരും. അവന്റെ വൃക്ഷണങ്ങൾ പിഴുതുകളയാൻ തീരുമാനമെടുത്തവരുടെ വിവരപ്പട്ടിക തയ്യാറാക്കും. അവൻ പിടഞ്ഞുതീരുന്നനേരം കൊച്ചാട്ടന്റെ പന്നിക്കുട്ടന്മാരെ മൂച്ചെടുപ്പിക്കയും, വെകിളി പിടിപ്പിച്ച് കാറിക്കയും ഓടിക്കയും ചെയ്യും. അവന്റെ മരണത്തിന് കൂടുതൽ സാക്ഷികളെ നിരത്തും. അവരെക്കൊണ്ട് കൊടിപിടിപ്പിക്കയും സമരം ചെയ്യിക്കയും ചെയ്യും. വാസുവിന്റെ ജഡംകിടന്നിടത്ത്, അവൻ ചോദിക്കാതെ പോയ ചോദ്യങ്ങൾ, ആയിരം അരിക്കൂണുകളായി മുളച്ചുപൊങ്ങിയെന്നെഴുതി ആ കഥക്ക് അയാൾ അടിവരയിടും.
ഇന്ന്, ഞാൻ എഴുതിനിർത്തുന്നിടത്ത്, അവനൊന്നുമല്ല, അവനൊന്നുമില്ല. മുൻപോ പിൻപോ ഇല്ല. വാസു; അത്രമാത്രമാണയാൾ.