മുഛേ ഹിന്ദി മാലൂം!


Cautionary Warning: എന്റെ തല, എന്റെ ഫുൾ ഫിഗർ, എന്റെ കൂളിംഗ് ഗ്ലാസ്സ്.
ഇതിൽ ഇത്രമാത്രേള്ളൂ! Okay?

ഞാൻ: Diarymons !!! 😁

Mr. Diary: ആ… വന്നോ!

ഞാൻ: ഈ തൊട്ടതിനും പിടിച്ചതിനുവൊക്കെ ഫോർമാറ്റ് ഉണ്ടാക്കിവെക്കണ എല്ലാത്തിനേം, മിനിമം ഒരു രണ്ട് കൊല്ലത്തേക്ക് – മൂന്ന് നേരം ഗ്രീൻ പീസ് തീറ്റിക്കണം.

Mr. Diary: എന്താ നിന്റെ പ്രശ്നം?

ഞാൻ: സ്വന്തമായിട്ട് ഒരു ഡയറി എഴുതാൻ വരെ ഫോർമാറ്റേ! എന്റെ ഡയറി എനിക്കിഷ്ടവൊള്ളപോലെ ഞാൻ എഴുതും; with അക്ഷരത്തെറ്റ്, വെട്ടി വര and potential grammatical mistakes.

Mr. Diary: അവസാനം പറഞ്ഞത് മലയാളത്തിൽ എഴുതാൻ അറിഞ്ഞൂടല്ലേ?!

ഞാൻ: 🤪

Mr. Diary: നീയതിന് ആദ്യായിട്ടല്ലല്ലോ ഡയറി എഴുതണെ?

ഞാൻ: ചുമ്മാ ഒരു thought എറിഞ്ഞുനോക്കിയതാ.

Mr. Diary: Mm… എന്നിട്ട്, ഇന്ന് എപ്പടി?

ഞാൻ: ഇന്ന് ജോലിക്ക് പോവാൻ സ്വല്പം നേരത്തേ ഇറങ്ങി. നമ്മടെ ‘Tere Bin… Tere Bin…’ കേട്ട്, അതിഥി റാവുനേം ഓർത്ത്, നല്ല റുമാന്റിക്കായിട്ട് ബസ്സ് സ്റ്റോപ്പിലേക്ക് നടക്കുവായിരുന്നു. Dennison റോഡിന്റെ വളവുതിരിഞ്ഞ് McCowan റോഡിലേക്ക് കേറി കുറച്ചങ്ങ് പോയപ്പോഴേക്കും, സൈഡിൽ ഉള്ള ആ convenient സ്റ്റോർ ഇല്ലേ? – അതിന്റെ മുന്നീന്ന് ഒരമ്മൂമ്മ ഓടിപ്പാഞ്ഞ് അടുത്തേയ്ക്കുവന്നു.

വെളുപ്പിനേ നാലുമണിക്ക് എണീറ്റ് – അരിയിട്ട് – തൊഴുത്ത് വൃത്തിയാക്കി – പശൂനെ കറന്ന് – കാപ്പിക്ക് ഉണ്ടാക്കി – കറിക്കുള്ളത് അരിഞ്ഞുവെച്ച് – മുറ്റം അടിച്ചുവാരി – കോഴിക്കൂടും തുറന്ന് വിട്ടേച്ച്, അരകല്ലിന്റെ തിട്ടേലിരുന്ന് സ്വന്തം വെപ്പുപല്ല് ഊരി കയ്യിൽപ്പിടിച്ച് പല്ലുതേക്കണ റോസക്കുട്ടി, ദേ ഇവിടെ കാനഡേലുവന്ന്, ഒരു ചുരിദാറും ഫിറ്റ് ചെയ്ത്, എന്നോട് ചറ പറ പഞ്ചാബി പറയണൂ!
നാട്ടിലുള്ള എന്റെ അമ്മച്ചിയും ആ അമ്മൂമ്മയും തമ്മിൽ എവിടെയോ ഒരു ചായ കാച്ചിയപോലെ.

Mr. Diary: എന്നിട്ട്?

ഞാൻ: എന്നിട്ടെന്താ… ഞാൻ അതൊക്കെയോർത്തോണ്ടിരുന്ന നേരത്ത് അമ്മച്ചി എന്തൊക്കെയോ എന്നോട് പറഞ്ഞു. ഒരു മൂന്ന് – നാല് ‘ജീ’ അല്ലാണ്ട് എനിക്കൊരു സാധനം മനസ്സിലായില്ല.

“Sorry, I didn’t get you.”

നീ എങ്ങനെയേലും മനസ്സിലാക്കിയേ പറ്റൂ എന്ന സെറ്റപ്പിൽ അമ്മച്ചി പിന്നേം എന്തോ പറഞ്ഞു. മുഖത്ത് ആകെപ്പാടെ ഒരു പേടിയും സങ്കടോം ഉള്ളപോലെ. അത് കണ്ടപ്പോൾ എനിക്കും ഒരു വിഷമം.

ഹിന്ദി പഠിപ്പിച്ച മിനി ടീച്ചറെ ഒന്ന് ധ്യാനിച്ചു.
മിനി ടോമി ടീച്ചറെക്കുറിച്ച് ഞാൻ പറഞ്ഞത് ഓർക്കുന്നുണ്ടോ? ചോദ്യം ചോദിക്കുമ്പോൾ ഉത്തരം പറഞ്ഞില്ലെങ്കിൽ ടീച്ചർടെ ഒരു അടിപൊളി ഡയലോഗ് ഉണ്ട് – “ഇടിച്ച് നിന്റെ പരിപ്പ് ഞാൻ എടുക്കും.” +2 കഴിയാറായ സമയത്ത് ടീച്ചറെ കണ്ടപ്പോൾ, ആ ഡയലോഗ് ഒന്നൂടെ ഒന്ന് പറയാവോ എന്ന് ചോദിച്ചു. അപ്പൊ ആണ്ടെ “പോടാ അവിടുന്ന്.” എന്നും പറഞ്ഞ് ഓടിച്ചു.
മിനി ടീച്ചറേം ഓർത്ത്, രണ്ടും കൽപ്പിച്ച് ഞാൻ അമ്മച്ചിയോട് പറഞ്ഞു :-

“മുഛേ പഞ്ചാബി നഹി ആത്തി. ആപ്കോ ഹിന്ദി മേ ബുലാ സക്തി ഹെ.?”

‘ബേട്ടാ’, ‘ഘർ’, ‘സ്റ്റോൺ’ – പഞ്ചാബി മാറ്റി അമ്മച്ചി ഹിന്ദിയിൽ പറഞ്ഞിട്ടും, ഈ മൂന്ന് വാക്കല്ലാണ്ട് എനിക്കൊരു കുന്തോം മനസ്സിലായില്ല.
പെട്ടു! (വീടിന് വല്ലോരും കല്ലെറിഞ്ഞന്നോ മറ്റോ ആ ണോ എന്തോ…)

Mr. Diary: നിന്റെ ഹൗസ് ഓണർ ആന്റി മുംബൈക്കാരിയല്ലേ? പുള്ളിക്കാരീനെ ഒന്നു വിളിച്ച് നോക്കത്തില്ലായിരുന്നോ?

ഞാൻ: ആ… ഞാൻ അതാ ചെയ്തേ. സ്നേഹ ആന്റിയെ വിളിച്ച് കാര്യം പറഞ്ഞിട്ട്, ഞാൻ ഫോൺ അമ്മച്ചീടെ കയ്യിൽ കൊടുത്തു.

അമ്മച്ചി നടക്കാനിറങ്ങിയതാ. വഴി തെറ്റി. കുറേ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോയിനോക്കി. പക്ഷെ ഒരു പിടിയും കിട്ടിയില്ല. പരിചയം തോന്നുന്ന ആരേലും വരുന്നത് നോക്കി ആ സ്റ്റോറിന്റെ മുന്നിൽ നിൽക്കാൻ തുടങ്ങിയിട്ട് നേരം കുറേയായി. അമ്മച്ചീടെ വീട് – 170 Featherstone Avenue.

Mr. Diary: ‘Stone’ അതിന്റെയാർന്നു ല്ലേ?! 🤣 കല്ലേറ്…!!!

ഞാൻ: സത്യായിട്ടും എനിക്കന്നേരം മനസ്സിലായില്ല. ഈ പറഞ്ഞപോലെ സ്ഥലം എനിക്കും വല്യ പിടിയൊന്നും ഇല്ലല്ലോ.
As usual Google Maps എടുത്ത് address തപ്പി. കുറേ വളവും തിരിവും.

ആഗേ, പീച്ചേ, ഇസീതരാ, ഉസീതരാ എന്നൊക്കെപ്പറഞ്ഞ് വഴി പറഞ്ഞ് കൊടുക്കാൻ ഞാൻ ഒരു ശ്രമം നടത്തി. പക്ഷെ ചീറ്റിപ്പോയി. ഞാൻ പറഞ്ഞതിനെല്ലാം തലയാട്ടിയെങ്കിലും, ‘നീയിത് ഏത് ഭാഷയാണ് മോനെ പറയുന്നേ’ന്നുള്ള ദയനീയമായ നോട്ടം തിരിച്ചുകിട്ടിയപ്പോൾ ഞാൻ അമ്മച്ചിയോട് പറഞ്ഞു :- “ആപ്പ് ആവോ. മേ ആപ്കാ ഘർ സേ ജാത്താ.. അല്ല ആത്താ ഹും.” (മേ വെക്കുമ്പോ ഹും വെക്കണം ഹും.)

ആദിശങ്കരന്റെ പിന്നാലെ ദേവി നടന്നത് പോലെ അമ്മച്ചി എന്റെ പുറകെ നടക്കാൻ തുടങ്ങി. ഒന്നും മിണ്ടിയില്ല. തിരിഞ്ഞുനോക്കിയാ അവിടെത്തന്നെ കുടിയിരിക്കുമോയെന്ന്‌ പേടിക്കേണ്ടാത്തത് കൊണ്ട് ഞാൻ തിരിഞ്ഞ് ചോദിച്ചു :- “ആപ്കാ നാം ക്യാ ഹേ?”

“പർമിന്ദർ, ബേട്ടാ.”

“മേ ജെബിൻ”

പയ്യെ പയ്യെ ഞങ്ങൾ എന്റെ ഹിന്ദി ലെവലിൽ മിണ്ടിത്തുടങ്ങി.

“ഘാനാ ഘാലിയാ ആപ്നേ?”

“ഹാജി ബേട്ടാ. റൊട്ടി.”

“ദാൽ കേ സാത്ത്?”

“നഹി ബേട്ടാ. പനീർ കെ സാത്ത്.”

ഞാൻ പഞ്ചപാവമാണ്, മിടുക്കനാണ്, പൊളിയാണ് എന്ന് വളരേ പെട്ടന്ന് തിരിച്ചറിഞ്ഞ അമ്മച്ചി, അത്രേം നേരം പിടിച്ച് വെച്ച ആ ചോദ്യം എന്നോട് ചോദിച്ചു:- ‘മോന്… ഹിന്ദി അത്ര അറിയില്ല…ല്ലേ?’

Mr. Diary: 🤣🤣🤣

ഞാൻ: ഞാനും ആ ചോദ്യം കേട്ടപ്പോ ചിരിച്ചുപോയി.

“മേ കേരള സെ ഹേ. ആപ്കാ ഹിന്ദി ബഡാ ഹിന്ദി ഹേ. ഇത്തനാ ബഡാ ഹിന്ദി മുഛേ നഹീ മാലൂം.”

ഇത് കേട്ടതും അമ്മച്ചി അടിപൊളിയായിട്ട് ഒന്ന് ചിരിച്ചു. ഞങ്ങൾ പെട്ടന്ന് അങ്ങ് കൂട്ടായി. അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞത് മുഴുവനും മനസ്സിലായില്ലെങ്കിലും ഞങ്ങള് ഫുൾ ടൈം മിണ്ടിക്കൊണ്ടാ നടന്നേ.

“ആപ്കോ ഇന്ത്യ പസന്ത് ഹേ ഓർ കാനഡ പസന്ത്‌ ഹേ?”

“ഇന്ത്യ. അവിടെയായിരുന്നപ്പോ നല്ല രസമായിരുന്നു. മക്കളെല്ലാരും ചുറ്റും ഉണ്ടായിരുന്നു. ഇവിടെ ഇപ്പോ ഇളയ മോനും ഫാമിലിയുമാണ് ഉള്ളത്. ഇവിടെ സന്തോഷവില്ല – എന്നല്ലാട്ടോ. എനിക്ക് അഞ്ചു മക്കൾ ആണ്. നാട്ടിൽ ആയിരുന്നപ്പോ, വൈകുന്നേരം മക്കളും കൊച്ചുമക്കളും എല്ലാരും കൂടെ കൂടി ആകെ ഒരു ബഹളവായിരിക്കും. അതിന്റെ ഇടക്ക് ഇരിക്കാൻ എനിക്ക് ഒത്തിരി ഇഷ്ടമാണ്. കൊച്ചുമക്കളുടെ പുറകേനടന്ന് സമയം പോണതേ അറിയില്ല. ചിലപ്പോൾ ഒന്നിനും സമയം കിട്ടില്ലെന്നും തോന്നും.

ഇവിടെ വന്നേപ്പിന്നെ, മോനെ കാണാനേ കിട്ടാറില്ല. അല്ലാ… എന്റെ കൂടെയിരുന്നാമതിയോ! അവന് ജോലിക്കൊക്കെ പോകണ്ടേ. അവന്റെ ഭാര്യക്കും ജോലിയുണ്ട്. എല്ലാം എനിക്ക് മനസ്സിലാകും. പക്ഷെ ഇടക്ക് തനിച്ചായപോലെ തോന്നും. പിന്നെ കൊച്ചുമോനുള്ളതാ ഒരാശ്വാസം. കുസൃതിയാ! അവൻ സ്കൂളിൽ പോയാ പിന്നെ ക്ലോക്ക് നോക്കി ഇരിക്കലാ എന്റെ പണി.

നാട്ടിൽ നിന്ന് എല്ലാരും ഫോൺ വിളിക്കും. മോന്റെ ഫോണിൽ എല്ലാരേം കണ്ടോണ്ട് സംസാരിക്കാനൊക്കെ പറ്റും. കൊച്ചുമോനും അതിന്റെ പണിയൊക്കെ അറിയാം. ചിലപ്പോ അവൻ ആരെയെങ്കിലും ഒക്കെ വിളിച്ച് തരും. എങ്ങനെയാ വിളിക്കുന്നേന്ന് എന്നെ പഠിപ്പിക്കാനുള്ള ഒരു ശ്രമം ഒക്കെ അവൻ നടത്തി. പക്ഷെ എനിക്കിതൊന്നും മനസ്സിലാവില്ല മോനേ. ഫോണിൽ എല്ലാരേം ഒക്കെ കാണുമ്പോ സന്തോഷാണ്. എന്നാലും ഫോൺ വച്ച് കഴിയുമ്പോ എന്തോ പോലെയാകും.

എന്റെ ഏറ്റവും ഇളയ മകൾ കോളേജിൽ ചേരാൻ ഇങ്ങോട്ട് വരുന്നുണ്ട്. അവൾ വന്നാൽ കുറച്ച് കൂടി ആശ്വാസം ആകും. എന്നെപ്പോലെ തന്നെ അവളും – വായടക്കത്തില്ല.

ഞാൻ എന്തൊക്കെയോ പറഞ്ഞു. മോനെന്താ ഒന്നും മിണ്ടാത്തേ?”

-Turn right on to Featherstone Avenue-

ചുറ്റും പടർന്നുനിന്ന ചില്ലകളൊക്കെ വെട്ടിയൊതുക്കി, ഒരൊറ്റത്തടി പരുവത്തിന് പറിച്ചുനട്ട മരം, നീരുവറ്റി ഉണങ്ങുന്നു. വേര് നീട്ടിയിറക്കി ഉറച്ചുനിൽക്കാൻ ഉള്ളിന് കരുത്തില്ലാത്തതുപോലെ. മണ്ണും പുതിയതല്ലേ… പൂണ്ടിറങ്ങാൻ തക്ക ഒരു ബന്ധം തോന്നിക്കാണില്ല.

ഞാൻ: അമ്മച്ചി പറഞ്ഞ ഹിന്ദിയൊക്കെ പെട്ടന്ന് എങ്ങനെ എനിക്ക് മനസ്സിലായെന്ന് അറിയില്ല. ഒരു മുൻപരിചയവും ഇല്ലാത്ത എന്നോട് എന്തിനിത്രേം സംസാരിച്ചുവെന്നും അറിഞ്ഞുകൂടാ.
ചിലപ്പോഴെങ്കിലും ഭാഷ മനുഷ്യന് ഒരു അലങ്കാരം മാത്രമാണെന്ന് ഉള്ളിലാരോ പറയുന്നത് കേട്ടു.

-Your destination is on the right-hand side-

ഞാൻ: Application quit ചെയ്ത്, ഫോണിൽ നിന്ന് തലപൊക്കിയപ്പോ കാണുന്നത്, കണ്ണുനിറഞ്ഞ് കൈകൂപ്പി എന്റെ മുന്നിൽ നിൽക്കുന്ന അമ്മച്ചീനെയാ. ചാടിക്കേറി കൂപ്പിയ കൈ ഞാൻ വിടുവിച്ചു. അപ്പോ, ചേർത്ത് പിടിച്ച് എന്തൊക്കെയോ പറഞ്ഞു; മനസ്സിലായില്ല. ഇടയ്ക്ക്, മക്കൾക്കും കൊച്ചുമക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്ന ദൈവത്തോട്, ‘ദേ ഇവനേം കൂടി’ എന്ന് പറഞ്ഞു ചേർക്കുന്നത് കേട്ടു. എന്റെ കണ്ണുനിറഞ്ഞില്ല. പക്ഷേ… നെഞ്ച് രണ്ടിടി കൂടുതലിടിച്ചു.

“മോനേ… ചായ കുടിച്ചിട്ട് പോകാം.”

നിന്നില്ല.
ഞാൻ നടന്നു മറയുന്നത് വരെ അമ്മച്ചി എന്നെ തന്നെ നോക്കി നിന്നു.

Mr. Diary: നന്നായി ഡാ…

ഞാൻ: മ്മ്മ്.. ഡാങ്ക്യൂ ഡാങ്ക്യൂ!!

കുറച്ച് നേരം എടുത്തു അമ്മച്ചീടെ മുഖം മനസ്സിലൊന്ന് ഒതുക്കി വെക്കാൻ. പിന്നെ… പയ്യെ ഉള്ളിലെ കുട്ടിച്ചാത്തൻ എണീറ്റു. വൈകിട്ട് റോസകുട്ടീനെ വിളിച്ച് ഇതെല്ലാം പറയുന്നതിനെക്കുറിച്ചതായി ചിന്ത മുഴുവൻ.
എല്ലാം കേട്ടുകഴിയുമ്പോ… എന്നോടൊന്നും പറഞ്ഞില്ലെങ്കിലും, ബാക്കി എല്ലാരോടും റോസക്കുട്ടി പറയും:- “ഞാൻ വളർത്തിയ കൊച്ചാ. മറ്റുള്ളവരെപ്പോലെ അല്ല. എല്ലാരോടും നല്ല സ്നേഹവാ. അവനായത് കൊണ്ട് അത്രേം ഒക്കെ ചെയ്തു. ഒന്ന് ആലോചിച്ച് നോക്കിയേ…” അങ്ങനെയിങ്ങനെയിങ്ങനെ…

ഒരിച്ചിരി കണ്ണീരും, രണ്ട് പഞ്ച് ഡയലോഗും കൂട്ടിച്ചേർത്ത് തിരക്കഥ ഒക്കെ എഴുതി ഈ നേരം വരെ ഞാൻ പിടിച്ചിരുന്നു. ദേ ഇച്ചിരി മുന്നെയാ ഞാൻ വീട്ടിലേക്ക് വിളിച്ചേ.

സംഭവിച്ചത് മുഴുവനും (ലേശം കൂട്ടിക്കിച്ചേർത്തതും) ശബ്ദവ്യതിയാനങ്ങളോടെ, ഫീൽ ഒരു കട്ടക്ക് കൂട്ടി ഞാൻ റോസക്കുട്ടിയോട് പറഞ്ഞു. അപ്പുറത്ത് അനക്കം ഒന്നും കേൾക്കാനില്ല. പാവം; വാക്കുകൾക്കായി പരതുകയാവും. മറുപടി കേൾക്കാൻ ഇങ്ങേത്തലക്കൽ ലോലനായി ഞാൻ കാതോർത്തിരുന്നു. ഒരു 10 സെക്കന്റ് കഴിഞ്ഞപ്പോ;

റോസക്കുട്ടി: ആ പുള്ളിക്കാരീടെ കൊച്ചുമക്കളിൽ കാണാൻ കൊള്ളാവുന്ന വല്ല പെണ്ണുവൊണ്ടോ? നിന്റെ പ്രായത്തിലുള്ളത്?

ഞാൻ: ആ..! അറിയാൻ പാടില്ല. അതെന്നാ?

റോസക്കുട്ടി: അങ്ങോട്ട് പഠിക്കാൻ വരുന്നുണ്ടെന്ന് പറഞ്ഞ ആ ഇളയ കൊച്ച് നിന്റെ പ്രായക്കാരി ആയിരിക്കൂലോ? (ഞാൻ ഈ പോയിന്റ് നോട്ട് ചെയ്യേണ്ടതായിരുന്നു!)

ഞാൻ: എനിക്കറിയാൻപാടില്ല.

റോസക്കുട്ടി: അല്ലാണ്ട്… ഇത്രയൊക്കെ നീ ചെയ്യണോങ്കി… എന്തോ ഒരു ഉടായിപ്പ് ഉണ്ടല്ലോടാ.

Mr. Diary: 🤣🤣🤣 എന്നിട്ട്?

ഞാൻ: എന്നിട്ട് കുന്തം!

Mr. Diary: 🙄

ഞാൻ: ബൈ ദ ബൈ Mr. Diarymon… എല്ലാരും പറേണു എനിക്ക് ഒരു പഞ്ചാബി ലുക്കൊണ്ടെന്ന്. പിന്നേ… ഞാൻ ചോറ് മാത്രല്ല; ചപ്പാത്തീം തിന്നാറുണ്ട്.

Mr. Diary: അയിന്?! 🤨

ഞാൻ: അല്ലാ…. ഇനി എങ്ങാനും…!? 😍

Mr. Diary: പോയി മുള്ളീട്ട് കിടന്നുറങ്ങെടാ! 😏

ഞാൻ: 😤😤😤

Mr. Diary: 😡🤬

ഞാൻ: 😴💤