ഒറ്റച്ചിറകുള്ള പക്ഷി


ആകാശവും ഭൂമിയും പാതാളവുമല്ലാത്തൊരിടത്ത്, രക്തം വാർന്ന്, ദേഹം വിറച്ച്, ജീവൻ പിടയുന്ന അവൻ, കീഴടങ്ങാൻ കൂട്ടാക്കാതെ നിന്നു. ജീവനറ്റവൾക്ക് സ്വർഗ്ഗം തുറക്കാൻ ഒരേ സ്വരത്തിൽ അവരെത്തിക്കുന്ന പ്രാർത്ഥനകളെ അവൻ രണ്ടായ് വെട്ടിപ്പിളർന്നു. പറയാനുള്ളതത്രയും അവളോടുമാത്രം. ഒരേറ്റുപറച്ചിൽ. ഒരു ചോദ്യം.

പൊട്ടിച്ചിരികൾ ഇല്ലാത്ത രാത്രികളാണിനി. ഉണ്ണാൻ കൂട്ടാക്കാത്ത കുട്ടികൾക്ക് ആശ്വസിക്കാം. നിങ്ങളെ പിടിച്ചുകൊണ്ടുപോകാൻ, ഇരുട്ടത്, അമ്മയുടെ ഒരു വിളിപ്പാടകലെ മറഞ്ഞുനിൽക്കാൻ ഇനി ആരുമില്ല. ഒറ്റക്കാവി ഏന്തിവലിച്ചുടുത്ത്, കറുത്തിരുണ്ട കക്ഷത്തിൽ ആരോ വലിച്ചെറിഞ്ഞ ഒരു കീറക്കുടയും തിരുകി, കറപിടിച്ച പല്ലും, വെള്ളമൊലിക്കുന്ന കിറിയുമായി, കടത്തിണ്ണ നിരങ്ങി കൈ നീട്ടാൻ ഇനി അവനില്ല. അതെ…ചന്ദ്രൻ ചത്തു!

പട്ടിക്കും പൂച്ചയ്ക്കുമൊക്കെയാണ് ചാവ്. മനുഷ്യന് മരിപ്പാണ്. ചത്തൂന്ന് പറയില്ലത്രെ. പക്ഷെ മനുഷ്യർക്കിടയിൽ മനുഷ്യനും ചാവുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് ചന്ദ്രൻ ചത്തു.

മടങ്ങുമ്പോ അങ്ങോട്ടുകൊടുക്കാൻ, ദേഹത്തെ ഒടിവുകളിലും മടക്കുകളിലും, നാൽപ്പത്തിരണ്ടുകൊല്ലത്തെ ചെളി പുറ്റുകളാക്കി സൂക്ഷിച്ച് മണ്ണിനെ തോൽപ്പിച്ചവനാ ചന്ദ്രൻ. മുകളിൽ ആകാശം, താഴെ ഭൂമി, അപ്പൊ…താനെവിടെയെന്ന് അമ്പത്തൊന്ന് ഓണം കണ്ടു ചിന്തിച്ചവനാ! ചത്താലും ചിന്തിക്കാം. പക്ഷെ കടത്തിണ്ണയിൽ കിടന്ന് പറ്റില്ല

“കത്തിക്കാം.”

ചിലരുടെ ജീവിതം തീരുമാനിക്കുന്ന മറ്റുചിലർ പതിവുപോലെ വിധിച്ചു. പട്ടിയെയും പൂച്ചയേയുമൊക്കെയാണ് കത്തിക്കുക. മനുഷ്യനെ ദഹിപ്പിക്കുകയാണ്. കത്തിക്കാമെന്ന് പറയില്ലത്രെ. പക്ഷെ മനുഷ്യർ മനുഷ്യനെയും കത്തിക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് അവർ ചന്ദ്രനെ കത്തിച്ചു.

നീറുന്ന ചാണകപ്പോളകളിൽ കിടക്കാൻ കൂട്ടാക്കാതെ അവൻ പുകഞ്ഞുപൊങ്ങി. ആട്ടിയകറ്റിയവരുടെ വീടുകളിൽ അനുവാദമില്ലാതെ നുഴഞ്ഞുകയറി. കാർക്കിച്ചുതുപ്പിയവരുടെ മുഖത്തടിച്ചു. അടിച്ചവരുടെ കണ്ണും മൂക്കും ചൂഴ്ന്നു. കുട്ടികളെ വെറുതേവിട്ടു. ഒരാളോടുമാത്രം മുഖം കൊടുക്കാതെ യാത്ര ചോദിച്ചു.

ജനനത്തിലും ജീവിതത്തിലും മരണത്തിലും തന്നെ തിരിഞ്ഞുനോക്കാത്തവരുടെ ലോകത്തുനിന്നും ചന്ദ്രൻ പറന്നകലുന്ന നേരം, ഒരെട്ടുവയസ്സുകാരൻ അടുപ്പിനുമുകളിൽ വലിഞ്ഞുകയറി ചേരിലേക്ക് ടോർച്ചടിച്ച് അന്വേഷിക്കുകയായിരുന്നു – ചിതയുടെ പുക ഓർമ്മപ്പെടുത്തിയ ഉണക്കിറച്ചിയുടെ ഞാത്തുകളെ.



“എന്താ ഈ കഥ പൂർത്തിയാക്കാത്തെ?”

എനിക്ക് നിന്നെ ഇഷ്ടമാണ്. പ്രിയപ്പെട്ടവളേ… നീ എന്റെ പ്രണയമാണ്.

“സബ് എഡിറ്റേഴ്സും ഞാനും അവസാന നിമിഷം വരെ തന്നെ കാത്തു. ഇനിയും താമസിക്കാൻ പറ്റില്ലെന്ന് ആനി ടീച്ചർ കട്ടായം പറഞ്ഞപ്പോഴാണ്, ഫൈനൽ ചെയ്ത മാറ്റർ എല്ലാംകൂടി ബൈൻഡിങ്ങിനു കൊടുത്തത്.”

എനിക്ക് നിന്നെ ഇഷ്ടമാണ്. പ്രിയപ്പെട്ടവളേ… നീ എന്റെ പ്രാണനാണ്.

“പിടിച്ചിരുത്തുന്ന തുടക്കമായിരുന്നു. ആഴങ്ങളുടെ ഒരു ആമുഖം പോലെ. പൂർത്തിയായ എല്ലാ കഥകളേക്കാളും, പൂർത്തിയാകാത്ത തന്റെ കഥയാണ് എനിക്കേറ്റവും ഇഷ്ടപെട്ടത്. ചന്ദ്രന്റെ ചിത പുകയുന്ന മണം ഒരെട്ടുവയസ്സുകാരനിൽ ഉണക്കിറച്ചിയുടെ കൊതി ജനിപ്പിച്ചുവെന്ന് വായിച്ചപ്പോൾ, സബ് എഡിറ്റേഴ്സ് ഭൂരിഭാഗംപേരും  മുഖം ചുളിച്ചു. വല്ലാത്തൊരു നീക്കമായിപ്പോയെന്ന്! പക്ഷെ എനിക്ക് അങ്ങനെ തോന്നിയില്ല. കാരണമൊന്നായിരിക്കെത്തന്നെ, സൃഷ്ടിക്കപ്പെടുന്ന ലോകങ്ങളുടെ അതിവൈരുദ്ധ്യങ്ങളെപ്പറ്റിയാണ് ഞാൻ ചിന്തിച്ചത്. അങ്ങനെ ഒരു ലോകത്തേക്ക് താൻ കൊണ്ടുപോകും എന്നുവിചാരിച്ചു.”

എനിക്ക് നിന്നെ ഇഷ്ടമാണ്. പ്രിയപ്പെട്ടവളേ… നീ എ-

“ഞാനിത്രയും പറഞ്ഞിട്ടും, എന്താ ഒരക്ഷരം പോലും മിണ്ടാത്തെ?
ശരിയാണോയെന്നറിയില്ല. പക്ഷെ, ചന്ദ്രന്റെ ചിതയിൽനിന്നും എട്ടുവയസ്സുകാരനിലേക്ക് തിരിയുന്നിടത്ത് കുറച്ചുകൂടി വ്യക്തതയോ അവ്യക്തതയോ ആകാമെന്ന് തോന്നുന്നു. ഇനിയിപ്പോ കോളേജ് മാഗസിനുവേണ്ടിയല്ലെങ്കിലും താൻ ഇത് പൂർത്തിയാക്കണം. വായിക്കണം എനിക്കത്. ഒരു ആഗ്രഹമാണ്.
ഞാൻ പോട്ടെ ..?”

“ശരി.”

മറുപടിയായിരുന്നില്ല അന്ന് എനിക്ക് പറയാനുണ്ടായിരുന്നത്; ഒരേറ്റുപറച്ചിലായിരുന്നു. കൂടെ ഒരു ചോദ്യവും.
പിന്നിട്ട വർഷങ്ങളിൽ, നിനക്കുവേണ്ടിയെങ്കിലും ആ കഥ എഴുതിത്തീർക്കാൻ പലവട്ടം കൈ ചലിപ്പിച്ചതാണ് ഞാൻ. പക്ഷേ… പൂർത്തിയാകാൻ കൂട്ടാക്കാതെ അക്ഷരങ്ങൾ വഴുതി മാറുന്നതുപോലെ. ചിന്തകൾക്ക് വേരുറക്കാത്തപോലെ.

ലോകം വെട്ടിപ്പിടിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിട്ട്, ഒടുക്കം, ആറടിമണ്ണിന്‌ ഭിക്ഷയാചിക്കേണ്ടിവന്ന രാജാവിനെക്കുറിച്ച് നീ കേട്ടിട്ടുണ്ടോ? നിന്നെക്കാളേറെ അയാൾ എന്റെ രാത്രികളിൽ കടന്നുവരുന്നു. മുദ്രണം ചെയ്ത വാൾ എനിക്ക് വച്ചുനീട്ടുന്നു. എന്തിനാണത് ?! എനിക്കയാളെ വെറുപ്പാണ്.



കാർമ്മി: കരുണയുള്ള കർത്താവേ, കരയുന്നവർ നിന്നെ വിളിക്കയും സങ്കടപ്പെടുന്നവർ നിന്നെ ആശ്രയിക്കുകയും ചെയ്യുന്നു. നിന്റെ വാഗ്ദാനങ്ങളുടെ പ്രതീക്ഷയാൽ നിന്റെ ദാസിയെ ആശ്വസിപ്പിക്കണമേ. ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ.

സമൂ: ആമ്മേൻ.

അവൻ: ഇല്ല! ഇവളോടൊത്തുള്ള എന്റെ സമയം തീർന്നിട്ടില്ല. എനിക്ക് കുറുകേനിന്ന് മതിയായില്ലേ നിങ്ങൾക്ക്?!

കാർമ്മി + സമൂ: എന്റെ കർത്താവേ നിന്നെ ഞാൻ പ്രകീർത്തിക്കും. മഹിമയോടന്തിമ…



ആകാശവും ഭൂമിയും പാതാളവുമല്ലാത്തൊരിടത്ത്, പേരറിയാത്ത മരത്തിൽ, ഒരു ഒറ്റച്ചിറകുള്ള പക്ഷി ചുണ്ടിറുക്കി തലകുമ്പിട്ടിരുന്നു. അവൻ രണ്ടു ചിറകുള്ളവരെ പറന്നുതോൽപ്പിക്കുമോ? ചിറകില്ലാത്തവരെ ഓടിത്തോൽപ്പി ക്കുമോ? വെൺചിറകുള്ളവളെ ഇണയാക്കുമോ? അതോ… ആഴങ്ങളിൽ വീണ് കഴുത്തൊടിഞ്ഞ് സ്വയം ജയിക്കുമോ?

കാലിൽ പതിഞ്ഞ ചാണകത്തിന്റെ നേർത്ത തണുപ്പിൽ രാജാവ് നിന്നു. പിന്നിട്ട വഴികളേക്കാളേറെ നീറുന്നതായിരുന്നില്ല ദേഹത്തെ മുറിവുകൾ. നാടേതെന്നറിയില്ല; നാട്ടുകാരെയും.

നൽക്കാലികളുടെ കരച്ചിലുകളെക്കാൾ, വെട്ടുകത്തികളുടെ മുരൾച്ചകൾ മുഴങ്ങുന്ന മാട്ടിറച്ചിച്ചന്തയിലും, വയറൊട്ടി എല്ലുതെളിഞ്ഞ അഞ്ചാറു പട്ടികൾ അങ്ങിങ്ങായി വളഞ്ഞുകിടന്ന് വാലുകടിച്ചു. കുറച്ചുമാറി, കൈക്കൂടംപോലൊന്ന് വായുവിലേക്കുയരുന്നത് അയാൾ ശ്രദ്ധിച്ചു. ഊക്കോടെയത് താഴേക്കാഞ്ഞ് ഒരു പോത്തിന്റെ തലച്ചോറ് ചിതറിച്ചു. വരിഞ്ഞുമുറുക്കി വിഴുങ്ങാൻതക്കവിധം അതിന്റെ കണ്ണുകൾ പുറത്തേക് മിഴിച്ചു.

വയറുകാളുന്നു; പക്ഷെ വിശപ്പില്ല. കാലിൽ പതിഞ്ഞ ചാണകത്തിൽക്കുഴഞ്ഞ് രാജാവ് നടത്തം തുടർന്നു.

നിന്നെക്കാളേറെ എന്റെ രാത്രികളിൽ കടന്നുവരുന്ന രാജാവിനെപ്പറ്റി ഞാൻ പറഞ്ഞതോർക്കുന്നോ നീ? നിന്റെ വിവാഹം അറിഞ്ഞ രാത്രിയിൽ അയാളെ ഞാൻ കൊന്നു – അയാൾ വച്ചുനീട്ടിയ അതേ മുദ്രണം ചെയ്ത വാൾ കൊണ്ടുതന്നെ. ഇത് ആ രാജാവിന്റെ കഥയായിരുന്നു; ഇപ്പോൾ എന്റെയും.  പൂർത്തിയാകാത്ത മറ്റൊരു കഥ. രക്തംകൊണ്ട് ഞാനെഴുതിയ കഥ.



കാർമ്മി: കൈക്കൊള്ളണമേ, ഹൃദയംഗമമാം
വിശ്വാസമൊടെ ദാസൻ ചെയ്യും
ബലിയെൻ നാഥാ, തിരുസന്നിധിയിൽ

സമൂ: കൈക്കൊള്ളണമേ…

അവൻ: നിർത്തൂ…! കാത്തുനിന്നേ മതിയാകൂ നിങ്ങൾ. മരണത്തിലെങ്കിലും സംസാരിക്കണം ഞങ്ങൾക്ക്. മുഴുവിപ്പിക്കണം; എനിക്കിവളോട് പറയാനുള്ളതത്രയും.

കാർമ്മി: പൂർവ്വന്മാരാം നോഹ് അബറാഹം
ഇസഹാക്ക് യാക്കോബ് മഹിതാശയർതൻ
പരിപാവനമാം ബലികൾപോലെ…




മുകളിലാകാശം, താഴെ ഭൂമി. ഞാനെവിടെ?

നിന്റെ കഴുത്തിൽ അയാൾ താലി കെട്ടിയ നേരത്ത് ഞാനെവിടെയായിരുന്നെന്ന് അറിഞ്ഞിരുന്നോ നീ? ഞാൻ… ഞാൻ ഓടുകയായിരുന്നു. ഉള്ളിൽ കൊട്ടിത്തിമിർക്കുന്ന നാദസ്വരമേളം. അതിന്റെ ആക്കത്തിൽ എന്റെ ഹൃദയം നുറുങ്ങിയെന്നു പറഞ്ഞാൽ വിശ്വസിക്കുമോ നീ? ഞാൻ… ഞാൻ ഓടുകയായിരുന്നു. രക്തം സിരയിലേക്ക് കുത്തിയൊഴുകി, കണ്ണ് ചുവന്നു കലങ്ങി. ഞാൻ… ഞാൻ ഓടുകയായിരുന്നു.

“അരേ… ക്യാ യെ ഭായ്? ഇസ് റേറ്റ് മേ മാൽ ന മിലേഗാ.”

-മൗനം.

“ചൽ ടീക്കെ. ക്യാ കരൂ! അന്തർ ജാക്കെ, പെഹ്‌ലാ റൈറ്റ് കമരെ മേ വെയിറ്റ് കരോ. ആയേഗാ ആപ്കാ റാണി.”

ദൂരെയെവിടെയോയുള്ള ഒരു മണിയറ തെളിഞ്ഞുവന്നു. അവിടെ ഞാനും നീയും. ജന്മാന്തരങ്ങളുടെ ഭാരമിറക്കി മോക്ഷത്തിലേക്കെന്നപോലെ ഞാൻ നിന്നിലേക്കിറങ്ങി. നിനക്കും മുന്നേ നിന്റെ ആദ്യരാത്രി പൂർണ്ണമായിരിരിക്കുന്നു. ഒരേറ്റുപറച്ചിലും ഒരു ചോദ്യവും വീണ്ടും ബാക്കി.

വെറുപ്പുതോന്നുന്നോ നിനക്കെന്നോട്?



കാർമ്മി: അഗാധത്തിൽ നിന്നു നിന്നെ ഞാൻ വിളിക്കുന്നു. മരിച്ചവരെ ഉയിർപ്പിക്കുന്നവനേ, നിന്റെ തിരുനാമത്തിനു സ്തുതി.

സമൂ: അഗാധത്തിൽ നിന്നു നിന്നെ ഞാൻ വിളിക്കുന്നു. കർത്താവേ, എന്റെ ശബ്ദം കേൾക്കണമേ.

അവൻ: ദയവുതോന്നുക… ഉള്ളം ഒന്നു തുറന്നോട്ടെ ഞാൻ. പറഞ്ഞു തീർക്കണം എനിക്ക് ഇതിവളോട്.

സമൂ: എന്റെ പ്രാർത്ഥന ചെവിക്കൊള്ളണമേ. കർത്താവേ നീ പാപങ്ങളെല്ലാം ഓർത്തിരിക്കുമെങ്കിൽ ആർക്കു രക്ഷയുണ്ടാകും?



നിന്റെ സമയം തീരുകയാണ്. എന്റെയും. നീ വായിക്കാൻ കൊതിച്ച കഥ ഇവിടെ പൂർണ്ണമാകുന്നു.

കണ്ണ് ഉറകൂട്ടിയ ഉപ്പില്ല പെണ്ണേ ഇനി, പച്ചമണ്ണിൽ കുന്തുരുക്കം ഞെരിച്ചുടച്ചത് മാത്രമേയുള്ളൂ എന്റെ കയ്യിൽ നിനക്കു തരാൻ. മരിച്ചിട്ടും നിശ്ചലനല്ലാത്തതുകൊണ്ട്, അതുകൊണ്ട് മാത്രം, പിരിഞ്ഞുപോണം എനിക്കിവരോടൊപ്പം.

മുകളിൽ കനത്ത് കാറുകെട്ടിയ ആകാശം. താഴെ നീരുവറ്റി വിണ്ടുകീറിയ ഭൂമി. ഞാൻ… ഞാൻ എവിടെ?
എന്റെ പ്രിയപ്പെട്ടവൾ ചത്തു. അല്ല! മരിച്ചു…
കത്തിക്കാം. വേണ്ട! ദഹിപ്പിക്കാം…

“ലേശം പെട്ടന്നായിക്കോട്ടെ. മഴ തുടങ്ങിയാൽ കുഴി മൂടാൻ വല്യ പാടാവും.”

ചിലർ വീണ്ടും വിധിക്കുന്നു.

താലി കെട്ടിയവന്റെ അവസാന മുത്തം. കടിഞ്ഞൂലിന്റെ അവസാന മുത്തം. രണ്ടാമന്റെ അവസാന മുത്തം. എന്റെ ആദ്യ മുത്തത്തിന് കാത്തുനിൽക്കാതെ ഇവർ നിന്റെ മുഖം മൂടി.

രണ്ടുകയറിൽത്തൂങ്ങി വെള്ളിടിവെട്ടിപ്പിളർന്ന ഭൂമിയിലേക്ക് നീ താഴുന്നു. ചാണകപ്പോളകളിൽ കിടക്കേണ്ടെനിക്ക്. പുകഞ്ഞുപൊങ്ങണം. ആരുടേയും മുഖത്തടിക്കണ്ട. കണ്ണും മൂക്കും ചൂഴണ്ട. ഒരാളോടുമാത്രം, നിന്നോടുമാത്രം, മുഖം കൈകളിലൊതുക്കി, കണ്ണോടുകൺചേർന്ന് പറയുന്നു ഞാൻ…

“എനിക്ക് നിന്നെ ഇ-“



കാർമ്മി: …നിന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്കായി ലോകാരംഭത്തിൽ തന്നെ സജ്ജമാക്കപ്പെട്ടിരിക്കുന്ന സ്വർഗ്ഗരാജ്യത്തിലേക്ക് ഞങ്ങളുടെ ഈ സഹോദരിയെ നീ സ്വീകരിക്കണമേ. ഞങ്ങളിലും ഞങ്ങളുടെ സമൂഹത്തിലും നിന്റെ കൃപയും അനുഗ്രഹവും നിരന്തരം വസിക്കുമാറാകട്ടെ. ഇപ്പോഴും എപ്പോഴും എന്നേക്കും

സമൂ: ആമ്മേൻ.

അവൻ: ….-മൗനം




മഴയാണ്. മരവിപ്പിക്കുന്ന മഴ. മരിപ്പിന്റെ മഴ.
ഒരേറ്റുപറച്ചിൽ, ഒരു ചോദ്യം – വീണ്ടും ബാക്കി.

‘നുണക്കുഴിയിലൂറും തേനുണ്ടുഞാൻ
ചേർന്നിരിക്കാം പ്രിയതേ മൃതിവരേയ്ക്കും.
തരിക നിൻ പിൻകഴുത്തിൻ മുടിച്ചൂടിലൊരിടം
വിരിയട്ടെ കാലാതീതനായ് ഞാനും എന്റെ പ്രണയവും.’