“ചിരിക്കുന്നതെങ്ങനെയെന്ന് മറന്നുപോയിട്ടുണ്ടോ?”
“എന്താ…?”
“ചിന്തിച്ചിട്ടുണ്ടോ അങ്ങനെ? ചിരിക്കുന്നത് എങ്ങനെയെന്ന് ഓർത്തെടുക്കേണ്ടി വരുന്ന ഒരവസ്ഥ?”
“ഇല്ല. ചിരി ഉള്ളിൽ നിന്നല്ലേ വരിക?”
“എപ്പോഴും അങ്ങനെയാണോ?”
“അല്ല.”
“എനിക്ക് ഒന്നു ചിരിക്കണം.”
തുടക്കത്തിന്റെ പാതി
കാലവർഷം കനത്തിറങ്ങുകയാണ്. മണ്ണിടിച്ചിലിന്റെ മുന്നറിയിപ്പുകളെ മറികടന്ന്, ചുരം ഇഴഞ്ഞു കയറി, രാത്രി വളരെ വൈകിയാണ് ബസ് കവലക്കെത്തിയത്. തിക്കിനിറച്ച് മുഴച്ചിരിക്കുന്ന ടെക്സ്റ്റൈൽസിന്റെ ഒരു കൂടുമാത്രമേ കയ്യിലുള്ളൂ. മറിച്ചൊന്നു ചിന്തിക്കാതെ, തലയ്ക്കുമീതെ കൂടുയർത്തിപ്പിടിച്ച് അവൾ ബസിന്റെ ചവിട്ടുപടിയിറങ്ങി നടന്നു.
ചുറ്റുമുള്ള കടത്തിണ്ണകളിലും സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ജീപ്പുകളിലുമായി ഏതാനം പേർ. ഉറക്കത്തോട് മല്ലിട്ടുനിൽക്കുന്ന അവരുടെ കണ്ണുകൾ, അവളുടെ വയറും മുലയും ഉഴിഞ്ഞ് മുഖത്തെത്തിയപ്പോഴേക്കും, അവൾ അവരെ കടന്ന് പോയിരുന്നു.
ശരിയെന്ന് തോന്നിയ ഒരിടവഴി തിരിഞ്ഞ് മുന്നോട്ട് നടക്കുമ്പോഴാണ് –
“ലക്ഷ്മി…”
ഒൻപത് വർഷങ്ങൾക്കു ശേഷമാണ് ആ ശബ്ദം കേൾക്കുന്നത്. ഒരു ചര്യ പോലെ, നാട് തുടച്ചു കഴുകി, പതഞ്ഞുപായുന്ന മഴവെള്ളം അവളുടെ പാദം കവിഞ്ഞൊഴുകി. കാൽച്ചുവട്ടിൽ കലങ്ങിമറിയുന്ന ചുഴികളിലെവിടെയോ പിന്നിട്ട ജീവിതം കൈ പൊന്തിക്കുന്നതുപോലെ. നിലച്ചെന്നു കരുതിയവ, ശ്വാസം വലിച്ചെടുക്കുന്നപോലെ.
അവസാനത്തിന്റെ തുടക്കം
“കള്ള് ചെത്ത് എന്താടീ മോശം പണിയാണോ? കെട്ടിയൊരുക്കാൻ ഷാജിയെ കഴിഞ്ഞേ ഉള്ളൂ ആരും എന്നാ ഞാൻ കേട്ടത്. അതിപ്പോ ഏത് പനയായാലും, എത്ര പൊക്കത്തിലായാലും അവനതൊരു വിഷയവല്ല. പോരാത്തതിന് മണ്ണിന്റെ പണിയും അറിയാം. പിന്നെ, ഇത്തിരി ദൂരക്കൂടുതലുണ്ട്. അതിപ്പോ… ആണ്ടിൽ ഒന്നോ രണ്ടോ വട്ടം പോയിവരണ ബുദ്ധിമുട്ടല്ലേ ഉള്ളൂ.”
കല്യാണത്തിന് ഒരു കാപ്പുവള; അതൊരു സ്വപ്നമായിരുന്നു. കിട്ടിയില്ല. എന്താണ് സംഭവിക്കുന്നതെന്ന് അറിഞ്ഞുവന്നപ്പോഴേക്കും കഴുത്തിൽ ഒരു താലി വീണിരുന്നു. ചടങ്ങ് കഴിച്ച്, ഒറ്റമുറിയും അടുക്കളയും ചേർന്ന ആ വാടകവീട്ടിലേക്ക് തള്ളിക്കയറ്റി, ഉറ്റവരും ഉടയവരും സന്ധ്യക്കുമുന്നേ തിരിച്ചു. അമ്മ മാത്രമാണ്, പോകും മുൻപ്, കൈ പിടിച്ചമർത്തി ഒന്നു വിതുമ്പിയത് – നെറുകിൽ ഒരു മുത്തം തന്നത്. അതിന് അച്ഛൻ ഒച്ച പൊന്തിക്കയും ചെയ്തു.
പുതിയ ലോകം. ഇരുട്ടിയെങ്കിലും പുറത്ത് ആളനക്കം ഉണ്ട്. വാതിൽപ്പടിവരെ ചെന്ന് ഒന്നെത്തി നോക്കി. കൂടുതലും പുരുഷന്മാരാണ്. അടുക്കളയുടെ പുറംഭിത്തിയോട് ചേർത്തിട്ടിരിക്കുന്ന ഇരുമ്പുമേശയിൽ ആവോളം എല്ലും കപ്പയും കള്ളും. വീടുപറ്റാൻ ധിറുതിപ്പെട്ടുനിൽക്കുന്ന മൂന്നാല് സ്ത്രീകൾ അവളെ നോക്കി ചിരിച്ചു. അവൾ തിരിച്ചും. രാവിലെ ഒരുങ്ങിയിറങ്ങിയതുമുതൽ എത്രപേരെ താൻ ചിരിച്ചുകാട്ടിയെന്ന് അവൾക്കോർമ്മയില്ല. പരിചയം ഒട്ടുമേയില്ലാത്ത എത്രയോപേരെ അടയ്ക്കയും വെറ്റിലയും കൊടുത്ത് പ്രാസാദിപ്പിച്ചെന്നും ഓർമ്മയില്ല. ‘എല്ലാവരെയും സന്തോഷിപ്പിക്കണം. എല്ലാവരുടെയും അനുഗ്രഹം വേണം. എങ്കിലേ എല്ലാം മംഗളമാകൂ’യെന്ന് അവളെയും പഠിപ്പിച്ചിരുന്നു.
“ഡാ ഷാജിയേ… നീ ഇങ്ങ് വന്നേ. ദേ ഈ ഗ്ലാസ്സ് അങ്ങ് പിടി. എന്നിട്ട് നീ തന്നെ അവളെ വിളിച്ച് ഒരു തുള്ളി തൊട്ട് കൊടുക്ക്. ഉഷാറാവട്ടെ കാര്യങ്ങള്.”
“അത് അവരെന്താന്നുവെച്ചാ ആയിക്കോളും. നിങ്ങളൊന്ന് വന്നൊണ്ടോ?”
“മിണ്ടാണ്ടിരിയെടീ…”
“ഞാൻ ഒന്നും പറഞ്ഞില്ല. നേരം എന്തായീന്നറിയാവോ? നിങ്ങള് വന്നില്ലെങ്കി വേണ്ട. ഞാൻ പൊവ്വാ.”
“എന്നാ പോടീ…. നീയൊക്കെ പോയാ എവിടെവരെ പൊവ്വും?
– ഹ… നീയിത് മേടിച്ചില്ലേ? കെട്ട് ഇപ്പഴങ്ങ് കഴിഞ്ഞല്ലേടാ ഉള്ളൂ. ഇപ്പൊത്തന്നെ ഇങ്ങനെ മൊണ്ണയാവല്ലേ.”
ഷാജി നീട്ടിയ ഗ്ലാസ്സ് സ്നേഹത്തോടെ നിരസിച്ച് ലക്ഷ്മി ഉൾവലിഞ്ഞു. മണിക്കൂറുകളായുള്ള നിൽപ്പും നടത്തവും കാരണം നീരുരുണ്ട കാൽവണ്ണ നോക്കിയിരുന്ന് എപ്പോഴോ അവൾ മയങ്ങിപ്പോയി. പാതിരാത്രി വാതിൽ കൊട്ടിയടയ്ക്കുന്ന ശബ്ദം കേട്ടാണ് ഞെട്ടിയെഴുന്നേറ്റത്. അവളെയൊന്നു നോക്കുകമാത്രംചെയ്ത് ഷാജി ഷർട്ടൂരി മുറിയുടെ വലതുഭിത്തിയിൽ തറച്ച ആണിയിൽ തൂക്കി. തൊട്ടിപ്പുറം കെട്ടിയിരുന്ന അഴയിൽനിന്ന് കൈലി വലിച്ചെടുത്ത് മുണ്ടുമാറി. പതിയെ കട്ടിലിന്റെ തലപ്പുപിടിച്ച് നടന്നുവന്ന് അവളുടെ അടുത്തിരുന്നു. അയാളുടെ വിയർപ്പിനുപോലും കള്ളിന്റെ പുളിമണം ആണെന്ന് അവൾക്കു തോന്നി. ഷാജി ഘനത്തിൽ ശ്വാസം വലിച്ചുവിട്ടു. കീഴ്ച്ചുണ്ടുകൊണ്ട് മീശയുടെ അറ്റം വടിക്കുകയും, ഇടയ്ക്ക് തൊണ്ട കാർപ്പിച്ച് പല്ലിറുമ്മുകയും ചെയ്തു.
“ഞാൻ…”
“മേലാൽ തർക്കുത്തരം പറഞ്ഞേക്കരുത്.”
“എന്താ?”
“തന്നത് മേടിച്ചോണം. പറയണത് ചെയ്തോണം. മനസ്സിലായോ?”
ലക്ഷ്മി തലയാട്ടി.
പിന്നീടുണ്ടായ പരാക്രമങ്ങളിൽ വേദന മാത്രമാണ് അവൾക്കു തോന്നിയത്. ഇടയ്ക്കെപ്പോഴോ അയാളിൽ തെകിട്ടിവന്ന കള്ളിന്റെ മണം അവളുടെ മനംപിരട്ടി. ഒരു ചെറുത്തുനിൽപ്പിന് ആവതില്ലെന്നുകണ്ട്, കഴുക്കോലുകൾക്കിടയിലെ ഇരുട്ടിൽ കണ്ണെത്തിച്ച് അവൾ കിടന്നുകൊടുത്തു. ഒടുക്കം ഉറക്കംപ്പിടിച്ച അയാളുടെ ശരീരത്തിൽനിന്ന് തെന്നിമാറി, ശബ്ദമുണ്ടാക്കാതെ ഒന്നെണീറ്റപ്പോൾ ചുറ്റുമുള്ള സകലതും നിർത്താതെ കറങ്ങുന്നതായിത്തോന്നി. വേച്ചുവിറച്ച് പിൻവാതിൽ തുറന്ന് പുറത്തിറങ്ങി. നേരമത്രയും തന്നിലടിഞ്ഞതെല്ലാം പൊടുന്നനെ തെകിട്ടിവന്നു – ഛർദ്ദിച്ചു – തൊണ്ട പൊട്ടുംവരെ. ഉപ്പെന്നോ പുളിയെന്നോ ചുവയ്ക്കുന്ന ഉമിനീരിറക്കി അവൾ നേരം വെളുപ്പിച്ചു. ആരെയൊക്കെയോ വെറുക്കണമെന്നുണ്ട്. പക്ഷെ, ശേഷിയില്ല.
അവസാനത്തിന്റെ പാതി
ഗവണ്മെന്റ് ആശുപത്രിയുടെ വാർഡിലാണ്, ബോധം തെളിഞ്ഞപ്പോൾ. ഛർദ്ദി മാറി ഒഴിച്ചിലായി. പനി പിടിച്ചു. പാതിബോധത്തിലെപ്പോഴോ ഷാജിയുടെ മുഖം കണ്ട് മിടിപ്പുകൂടിയത് അവൾ ഓർത്തു. അമ്മയെക്കാണണം; കൈയമർത്തിപ്പിടിച്ച് കൂടെയുണ്ടെന്നുപറയുന്ന അമ്മയെ.
“മോളേ… ഇത്തിരി ചായ തരട്ടെ?”
അവൾ തലയാട്ടി.
ജമീലതാത്ത മൊന്തയിൽനിന്ന് ചായ ഊറ്റി കൊടുത്തു.
“കല്യാണത്തിന് ഞാൻ ഉണ്ടായിരുന്നു. ഓർക്കാൻ വഴിയില്ല. എത്രപേരെയാ അന്നത്തെ ദിവസം കാണുന്നേ.
ഷാജിയുടെ അമ്മയും ഞാനും വല്യ കൂട്ടായിരുന്നു. നിങ്ങടെ വീടിന്റെ അവിടുന്ന് ഒരു രണ്ട് വളവ് പോയാമതി ഞങ്ങടെ വീട്ടിലേക്ക്.”
“ഇവിടെ?”
“ഇളയോൾക്ക് പനി. എല്ലാകൊല്ലോം ഉള്ളതാ ഇവിടെ ഒരാഴ്ചത്തെ പാർപ്പ്.”
രണ്ട് കട്ടിലപ്പുറം കിടക്കുന്ന നഫ്സുവിനെ നോക്കി ലക്ഷ്മി ചിരിക്കാൻ ശ്രമിച്ചു.
“ഉച്ചക്കഞ്ഞി ഞാൻ മേടിച്ചോണ്ടുവന്നോളാം. മോളിപ്പോ അതിനായിട്ട് പോകണ്ട.”
അവൾ വീണ്ടും തലയാട്ടി. ചിരിച്ചു കാണിക്കാൻ ശ്രമിച്ചു.
നഫ്സു അവളെ ഇച്ചേച്ചിയെന്ന് വിളിച്ചു. ആരും പറഞ്ഞുകൊടുത്തതല്ല, അവളായിട്ട് കണ്ടുപിടിച്ചതാണ്. വെയിൽ താഴുന്ന നേരം നോക്കി അവർ ആശുപത്രി വരാന്തയിൽ നടക്കാൻ ഇറങ്ങി. കയ്യിൽ കിട്ടിയതൊക്കെയും പങ്കിട്ടുകഴിച്ചു. നഫ്സുവിൻറെ കനംവെച്ച മുടിക്കെട്ട് പലവിധത്തിൽ പിന്നിക്കെട്ടികൊടുത്തും അവളുടെ കഥകൾ കേട്ടും ലക്ഷ്മി പകലുകൾ നീക്കി. ഷാജിയുടെ തലവെട്ടം കാണുമ്പോൾ മാത്രം, അപ്പോൾ മാത്രം ഉൾവലിഞ്ഞ് മൗനം പാലിച്ചു.
ആഴ്ച രണ്ട് കഴിഞ്ഞാണ്, ഡോക്ടർ ഡിസ്ചാർജ്ജ് ചീട്ടെഴുതിയത്. ഷാജിയോടൊപ്പം ആ വീട്ടിലേക്ക് കാലിടറി അവൾ നടന്നുകയറി; വീണ്ടും. പകൽവെളിച്ചത്തിലും കൂടെയുള്ളത് അപരിചിതനാണെന്ന് തോന്നിയതുകൊണ്ടാവാം, മാറിയുടുക്കാനുള്ളതും കയ്യിൽപ്പിടിച്ച് അവൾ അടുക്കളയിലേക്കു പോയത്. തിരികേ വന്ന് സാരി അഴയിലേക്കിട്ടുകൊണ്ടിരുന്നപ്പോൾ, പൊടുന്നനെ ഷാജി അവളെ വട്ടം പിടിക്കാനായി മുന്നോട്ടു വന്നു. പെട്ടന്നുണ്ടായ ഒരു ഞെട്ടലിൽ അറിയാതെ അവൾ ആ കൈ തട്ടിത്തെറിപ്പിച്ചു.
ഒറ്റ രാത്രിയേ കൂടിപ്പാർത്തൊള്ളുവെങ്കിലും, അന്ന് ഇനി നടക്കാൻ പോകുന്നതെന്തെന്ന് അവൾക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.
‘തച്ചറിയാത്തവൻ കൊത്തിയാ… മരം പൊട്ടും’ന്ന് ആരോ പറഞ്ഞത്രേ. രാത്രി കാലുറയ്ക്കാതെ വീട്ടിൽ വന്ന അവൻ ആദ്യം പറഞ്ഞതിതാണ്.
“ആണോടീ…? ങേ…? പണിയറിയാത്തവനാണോ ഞാൻ…?
കഴുവേറീടെ മോളേ ആണോ…ന്ന് ”
ഷർട്ടഴിച്ച് ആണിയിൽ തൂക്കുന്ന തക്കത്തിന്, മെല്ലെ അവൾ അടുക്കള വാതിലിലേക്ക് തിരിഞ്ഞപ്പോഴാണ്, ഷാജിയുടെ അടി ലക്ഷ്മിയുടെ കൈപ്പലകയിൽ വന്നു വീണത്. പ്രാണൻ പോകും വിധം അവൾ അലറി.
“പോത്തെടീ വായ…
പൊത്താൻ…”
ഏങ്ങലടിച്ചുകരയുമ്പോഴും ശബ്ദം പുറത്തുവരാതിരിക്കാൻ ലക്ഷ്മി വാ കൈകൊണ്ട് പൊത്തിപ്പിടിച്ചു.
അടിവയറിന് പിടിച്ചുതള്ളി, ഭിത്തിയോടുചേർത്ത് വീണ്ടും എന്തൊക്കെയോ അവൻ ചോദിച്ചു. ഉച്ചത്തിൽ പല്ലിറുമ്മി. മുഖം കൂട്ടിയടിച്ച് ചുണ്ടുപൊട്ടിച്ചു. പിടിയൊന്നാഴഞ്ഞപ്പോൾ അവൾ ഭിത്തിയിലൂർന്നുവന്ന് നിലത്തിരുന്ന് വാപൊത്തി കരഞ്ഞു.
അയാൾ ഉറങ്ങിയെന്ന് ഉറപ്പുതോന്നിയപ്പോൾ, അവൾ വാതിൽതുറന്ന് കിണറ്റിൻകരയിലേക്കു ചെന്നു. തൊട്ടിയിട്ട് വെള്ളം കോരി, ശ്വാസം മുട്ടുവോളം മുഖം മുഴുവനായും തൊട്ടിയിൽ മുക്കിപ്പിടിച്ചു. വീണ്ടും വീണ്ടും. കരഞ്ഞിട്ടും ശബ്ദം പുറത്തുവന്നില്ല.
“മോളേ പണിയാണോടീ?
നമ്മടെ ഇല്ലിക്കലെ കൊച്ചിന്റെ കല്യാണത്തിന് പോകാൻ ഇറങ്ങിയതാ. അപ്പൊ ദേ ഈ പെണ്ണിന് നിന്നെക്കൊണ്ടുതന്നെ മുടികെട്ടിക്കണം.
-ഇതെന്താ നിന്റെ ചുണ്ട് വീർത്തിരിക്കുന്നേ?”
“ജമീലുമ്മാ… അത്… വിറകടുക്കിയപ്പോ ഒരു കൊള്ളി തെന്നിവീണതാ.”
“എന്നിട്ട് ആ കൊള്ളി ഇപ്പൊ ഇവിടുണ്ടോ?”
ലക്ഷ്മി ഒന്നും മിണ്ടിയില്ല. നഫ്സുവിനെ കൂട്ടിപ്പിടിച്ച് വിശേഷം ചോദിച്ചു. പിന്നെ ചീപ്പെടുത്ത് രണ്ടുമൂന്ന് രീതിയിൽ മുടി പിന്നി നോക്കി. നഫ്സു ശരിവെച്ച ഒന്നിൽ ഒതുക്കികെട്ടി.
“നെച്ചൂട്ടി ഇടയ്ക്ക് വന്നോട്ടോ.”
‘നെച്ചു’ എന്ന വിളികേട്ടപ്പോൾ നഫ്സു ഒന്നു നോക്കി.
“ഇക്കാക്കേം എന്നെ അങ്ങനെയാ വിളിക്കണേ.”
“കൊച്ചേ നീ എപ്പോഴും ഇതിനാത്ത് ഇങ്ങനെ ഇരിക്കണ്ട. തക്കം നോക്കി എന്റെ അങ്ങോട്ടേക്ക് പോരെട്ടോ. നമ്മക്ക് ഒന്നും രണ്ടും പറഞ്ഞിരിക്കാലോ.”
അവൾ തലയാട്ടി.
രാത്രിയുടെ മുറിവുകൾക്ക് വാട്ടം തോന്നിയ ഒരു ദിവസം, മടിച്ചിട്ടാണെങ്കിലും, ലക്ഷ്മി നെച്ചുവിന്റെ വീട്ടിലെത്തി. അതും ഒറ്റമുറിവീടാണ്. പക്ഷെ മുറ്റത്തിന് നല്ല വലുപ്പം. ഒന്ന് അടിച്ചുവാരി എത്തുമ്പോഴേക്കും, നേരം ഉച്ചയാകുമെന്ന് അവൾക്ക് തോന്നി. കിണറിന് ഭിത്തികെട്ടിയിട്ടില്ല. കരിങ്കല്ലുകൊണ്ട് ഒരടിപൊക്കത്തിൽ വളയം തീർത്ത്, വശങ്ങളിൽ മരത്തൂണുനാട്ടി കപ്പി കെട്ടിയിട്ടുണ്ട്. മുറ്റത്തിന്റെ വലതുഭാഗത്തോട് ചേർന്ന് നെച്ചുവിന്റെ ഇക്കാക്കയുടെ മുയൽ കൃഷി കൂടുകൾ.
“ആരാ?”
കരഞ്ഞു ചുവന്ന കണ്ണുകളോടെയാണ് കുട്ടൻ പടിക്കൽ നിന്ന് ആ ചോദ്യം ചോദിച്ചത്.
“ഞാൻ…
ജമീലുമ്മ… ഇവിടെ?”
ശബ്ദം കേട്ട് ജമീലതാത്ത മുൻവശത്തേക്ക് വന്നു.
“കേറിവാടി കൊച്ചേ. ഇത് തന്നെയാ വീട്.”
ഒന്നു ചിരിച്ചുകാണിച്ചെന്നു വരുത്തി കുട്ടൻ പുറത്തേക്കെങ്ങോട്ടോ ഇറങ്ങിപ്പോയി.
“അത്…?”
“നഫ്സൂന്റെ മൂത്തതാ. കുട്ടൻ.
നഫ്സൽന്നാ പേര്. പക്ഷെ ഇവിടെ എല്ലാരും കുട്ടൻ-ന്നാ വിളിക്കല്.
ഇവിടെ ഇപ്പൊ ഒരങ്കം കഴിഞ്ഞേയുള്ളൂ. പരീക്ഷാ ഫീസ് അടച്ചിട്ട് ഇനി കേറിയാമതിയെന്നും പറഞ്ഞ് അവനെ ക്ലാസ്സിന്ന് ഇറക്കിവിട്ടിട്ട് രണ്ടു ദിവസം ആയി. വാപ്പി പൈസ കൊടുത്തില്ല.
അവൻ കാലത്ത് പത്രം ഇടാൻ പോണൊണ്ട്. അവിടുന്ന് മേടിച്ച് കൊടുക്കാന്നോർത്ത് ഏജന്റിന്റെ കാണാൻ പോയതാ. അപ്പൊ ആണ്ടെ അവന്റെ പേരും പറഞ്ഞ് അങ്ങേർടെ കയ്യീന്ന് അവന്റെ വാപ്പി മുൻപറ്റ് മേടിച്ചാർന്നൂന്ന്.
ആ ദേഷ്യം മൊത്തം എന്റെ അടുത്താ തീർക്കല്.”
“എവിടാ പഠിക്കുന്നെ?”
“അവൻ ഇവിടെ ന്യൂമാൻ കോളേജില്. ഡിഗ്രി മൂന്നാം കൊല്ലാ.
നഫ്സുനേക്കാളും പത്ത് വയസ്സിന്റെ മൂപ്പൊണ്ട്, പക്ഷേങ്കി എന്തേലും ഒരു കാര്യം വന്നാ ആദ്യം കുത്തിയിരുന്ന് കരേണത് അവനാ. ആ പെണ്ണ് അങ്ങനെ ഒന്നും കുലുങ്ങുല്ല.”
തുടക്കത്തിന്റെ തുടക്കം
തൊണ്ട കാർപ്പിച്ച്, കഫം ചുമച്ചു തുപ്പാൻ, കട്ടിൽ കാലിന്റെ ചുവട്ടിൽ ചാരം നിറച്ച ഒരു ചിരട്ട നിർബന്ധമാണ് ഷാജിക്ക്. ഓരോ രാത്രിയിലും, ലക്ഷ്മിയോടുള്ള പതിവു പരാക്രമങ്ങൾ കഴിഞ്ഞാൽ, അയാളുടെ കൈ ആകെ പരതുന്നത് ആ ചിരട്ടയ്ക്കും, പുറം മാന്താൻ തലയണക്കീഴിൽ സൂക്ഷിച്ചിട്ടുള്ള പിടിയൂരിയ ഒരു പിച്ചാത്തിക്കുമാണ്.
സന്ധ്യ മയങ്ങുമ്പോൾ, ആകെയുള്ള ഒറ്റമുറിയിലേക്ക്, കൂട്ടുകാരെയും വിളിച്ചുവന്ന് കൂട്ടംചേർന്നു കുടിക്കുന്നത് അയാളുടെ പുതിയ പതിവാണ്. വച്ചു വിളമ്പാൻ ലക്ഷ്മിയും. ഒരു പരുധി കഴിഞ്ഞാൽ വന്നു കയറുന്നവരുടെ മട്ടും ഭാവവും മാറിത്തുടങ്ങും. തുരുതുരെ അടുക്കളയിലേക്കുള്ള എത്തിനോട്ടവും, അറിയാത്തവണ്ണമുള്ള തൊടലും പിടിക്കലും തോണ്ടലും. ഒട്ടുമേ സഹിക്കാൻ വയ്യാതെ വന്നപ്പോഴാണ് അവൾ ഷാജിയോട് പരാതിപ്പെട്ടത്. അതിന് , അതേ കൂട്ടുകാരെ, പ്രത്യേകം വിരുന്നൊരുക്കി, അന്നേ രാത്രിയിൽത്തന്നെ വിളിച്ചുകൊണ്ടുവന്നാണ് അവൻ മൂച്ചെടുത്തത്.
കിണർഭിത്തിയുടെ മറവിൽ ഒതുങ്ങിയിരുന്ന് സമയം കഴിച്ചുകൂട്ടിയ ലക്ഷ്മി, ഷാജിയുടെ നീട്ടിയുള്ള വിളി കേട്ടിട്ടാണ് അവരുടെ നടുവിലേക്ക് ചെന്നത്.
“ഇതിൽ ഏതവനാടീ നിന്നെ കേറി പിടിച്ചത്?
-വീട്ടിൽ വന്നവരെ കേറി കണ്ണും കയ്യും കാണിച്ചിട്ട്, അവളിപ്പം ഒരു പാവം.
വാ തൊറക്കടീ കഴുവേറീടെ മോളെ.”
കഫം തുപ്പിയ ചാരവും ചിരട്ടയും മുഖത്തുവന്നടിച്ചപ്പോഴാണ് അവൾ അവന്റെ മുഖത്തേക്ക് നോക്കിയത്. നെറ്റി പൊട്ടി, രക്തം പൊടിഞ്ഞു. ഒന്നും മിണ്ടിയില്ല. കരഞ്ഞില്ല. മുടിക്കുത്തിൽനിന്നും ആരോ അവന്റെ കൈ വിടുവിച്ചപ്പോൾ, അവൾ പുറത്തേക്കു വന്ന് കിണറിന്റെ ഓരംപിടിച്ചിരുന്നു.
പടിക്കെട്ടിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ നേരിയ ഒരു പാളിയിൽ അവൾക്ക് അവളെ കാണാം. കുത്തഴിഞ്ഞ് പടർന്ന മുടിയിൽ, തല കുമ്പിട്ടിരിക്കുന്ന അവളെ. ചുറ്റുമുള്ളതെല്ലാം കെട്ടടങ്ങിയിട്ടും അവൾ തല ഉയർത്തിയില്ല. കണ്ണടച്ചില്ല.
രാത്രിമഞ്ഞ് പെയ്തിറങ്ങിയ നേരം, വിറകടുക്കിൽ നിന്നും ഒരു വെള്ളിക്കെട്ടൻ ഊർന്നിറങ്ങി. മെല്ലെ ഇഴഞ്ഞുവന്ന് അത് അവളുടെ കാൽവണ്ണയിൽ തൊട്ടു. ഇന്നേവരെ അത്രയും ആർദ്രമായി ആരും അവളെ തൊട്ടിട്ടില്ല. അവൾ അതിന്റെ വളയങ്ങളെണ്ണി.
ഒന്ന്… രണ്ട്… മൂന്ന്…
എണ്ണക്കറുപ്പിലെ വെള്ളി വളയങ്ങൾ…
എട്ട് … ഒൻപത്…
വെള്ളിവളയങ്ങളിലൂടെ, ആ കറുപ്പിലേക്ക്…
പതിമൂന്ന്…പതിനാല്…
കറുപ്പിൽ നിന്നും വെളിച്ചത്തിലേക്ക്…
പതിനേഴ്… പതിനെട്ട്…
അവൾ അതിന്റെ കണ്ണുകളിലേക്കിറങ്ങി.
ഇരുപത്… ഇരുപത്തിയൊന്ന്…
പതിയെ തന്റെ പാദം അതിന്റെ നാവിൻതുമ്പിലേക്ക് നീട്ടി.
വെള്ളിവളയങ്ങളിലൂടെ കറുപ്പിലേക്ക്….
കറുപ്പിൽ നിന്നും…
“ലക്ഷ്മി…”
കുട്ടനെക്കുറിച്ച് ആലോചിക്കുമ്പോഴെല്ലാം, അവന്റെ കരഞ്ഞുകലങ്ങിയ കണ്ണുകളാണ് ലക്ഷ്മിയുടെ മനസ്സിലേക്ക് ആദ്യം വരിക.
കരയുന്ന കുട്ടൻ. തന്നെപ്പോലെ കരയുന്ന കുട്ടൻ.
മരണത്തിന്റെ കൈ വിടുവിച്ച് ജീവിതത്തിലേക്ക് തന്നെ വലിച്ചിട്ട ആ രാത്രിയിലാണ് അവൾ അവനോട് ആദ്യമായി സംസാരിക്കുന്നത്.
“ചിരിക്കുന്നതെങ്ങനെയെന്ന് മറന്നുപോയിട്ടുണ്ടോ?”
“എന്താ…?”
“ചിന്തിച്ചിട്ടുണ്ടോ അങ്ങനെ? ചിരിക്കുന്നത് എങ്ങനെയെന്ന് ഓർത്തെടുക്കേണ്ടി വരുന്ന ഒരവസ്ഥ?”
“ഇല്ല.
ചിരി ഉള്ളിൽ നിന്നല്ലേ വരിക?”
“എപ്പോഴും അങ്ങനെയാണോ?”
“അല്ല.”
“എനിക്ക് ഒന്നു ചിരിക്കണം.”
ജമീലതാത്തയിലൂടെ കേട്ടറിഞ്ഞ ലക്ഷ്മിയെ കുട്ടൻ ആദ്യമായി കാണുന്നത് വീട്ടിൽവെച്ചാണ്. പക്ഷെ, എന്നും പത്രക്കെട്ടെടുക്കാൻ പോകുന്ന വഴി, മുറ്റത്തെ ഏതെങ്കിലും ഒരു മറവിൽ ചാരിയിരുന്ന് നേരം വെളുപ്പിക്കുന്ന മെല്ലിച്ചരൂപത്തെ ശ്രദ്ധിക്കാറുണ്ടായിരുന്നെന്നു പറഞ്ഞപ്പോൾ അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി.
ഇരുട്ടിന്റെ ആഴങ്ങളിൽനിന്നും നേരം നന്നേ പുലർന്നുവരുവോളം അവൻ അവളുടെ അടുത്തിരുന്നു.
നഫ്സു സ്കൂൾ വിട്ടുവരുന്ന നേരം നോക്കി ലക്ഷ്മി ജമീലാത്തയുടെ അടുക്കലേക്ക് ചെല്ലും. എന്തെങ്കിലും കഴിച്ചെന്നുവരുത്തി, വീടിന്റെ പിന്നാമ്പുറത്തെ പറമ്പിലേക്ക് നടക്കാനിറങ്ങും രണ്ടുപേരും. സ്കൂളിലെ കഥകളും, കൂട്ടുകാരുടെ വിശേഷങ്ങളും, തന്റെ പരാതികളും വിഷമങ്ങളുമെല്ലാം നഫ്സു ലക്ഷ്മിയോടാണ് പറയുക. മാങ്ങാ പെറുക്കലും, പറമ്പിലെ ഒരിനം ചെടിയുടെ തണ്ടൊടിച്ച് കയ്യിൽ അച്ചടിക്കലും, ഒടിഞ്ഞ മരത്തിന്റെ ചില്ലകളിൽ നടന്നു കയറി പൊങ്ങിയാടലുമൊക്കെയായി മണിക്കൂറോളം. ജമീലതാത്തയുടെ വിളി വരുമ്പോഴാണ് പിന്നെ തിരികെ വീട്ടിലേക്ക്.
കോളേജ് നേരത്തേ കഴിയുന്ന ദിവസങ്ങളിൽ കുട്ടനും അവരോടൊപ്പം ചേരും.
“തനിക്ക് ഡിഗ്രി ചെയ്തൂടെ?
കോളേജിൽ ചെല്ലണം എന്നില്ല. ഡിസ്റ്റന്റ് ആയിട്ട് ?
പുസ്തകങ്ങൾ ഞാൻ തരാം. പിന്നെ പരീക്ഷ പോയി എഴുതണം. അത് നമ്മുക്ക് അപ്പൊ ശരിയാക്കാം.
എന്താ?”
“കളിയാക്കിയതാണോ?”
“അതെന്താ അങ്ങനെ തോന്നാൻ? കാര്യം പറഞ്ഞതാണ്.
ഞാൻ സഹായിക്കാം. ഒരുപാട് പേർ ഇപ്പോ അങ്ങനെ ചെയ്യുന്നുണ്ട്.”
“വേണ്ട.”
“അതെന്താ? ഡിഗ്രി തീർത്തിട്ട് എങ്ങനെയെകിലും ഒന്നു നേരെ നിക്കണമെന്നേയുള്ളൂ എനിക്ക്.
തനിക്കും പറ്റും. രക്ഷപെട്ടൂടെ എങ്ങോട്ടെങ്കിലും?”
“അറിയില്ല.”
“എല്ലാവരും എല്ലാം അറിഞ്ഞിട്ടല്ലടോ തുടങ്ങുന്നത്. എനിക്ക് തോന്നുന്നത് തന്നെക്കൊണ്ട് പറ്റും എന്നുതന്നെയാ.
ഇരുട്ടിൽ പെട്ടുപോകും. പക്ഷെ അതായിട്ട് ഒരിക്കലും പൊരുത്തപ്പെടരുത്. കേറിപോരണം.”
“ഫീസ് അടയ്ക്കാൻ പറ്റാത്തതുകൊണ്ട് ഇരുന്നുകരഞ്ഞ ആളുതന്നെയാണോ എന്നോട് ഇപ്പോ സംസാരിക്കുന്നത്?”
“അത് നിസ്സഹായാവസ്ഥയാണ്. അന്നേരംതന്നെ അതങ്ങ് കരഞ്ഞുതീർത്താൽ, മൂടലൊക്കെ അങ്ങുപോകും. എന്തെങ്കിലും വഴി തെളിയും. എന്റെ കാര്യം അങ്ങനെയാണ്.
കരയുന്നത് അത്ര വല്യ കുറ്റമാണോ? ഉമ്മച്ചിയും കളിയാക്കും എപ്പോഴും.”
“അല്ല. ഞാൻ കളിയാക്കിയതല്ല.”
അവൻ ഒന്നു ചിരിച്ചു. അവളും. നൊമ്പരങ്ങളിലാണ് അവർ കണ്ടുമുട്ടിയത്. നൊമ്പരങ്ങളിലാണ് അവർ സൗഹൃദം കണ്ടെത്തിയതും.
കിണർഭിത്തിയുടെ ഓരം, അലക്കുകല്ലിന്റെ വലത്തേയിടം, അടുക്കളയോട് ചേർന്ന് വിറകടുക്കികൂട്ടിയിരിക്കുന്നതിന്റെ ചെരിവ് , അങ്ങനെ രാത്രികളിൽ ലക്ഷ്മിയെ പേറുന്ന ഇടങ്ങളിൽ കുട്ടനും ഇടയ്ക്കെത്തും. അവൾ പറയുന്നതത്രയും കേട്ടിരിക്കും. ഒടുക്കം പത്രക്കെട്ടുമായി ആരെങ്കിലും പോകുന്ന ബെല്ലടി കേട്ടാൽ, ധിറുതിപ്പെട്ട് സൈക്കിൾ എടുത്ത് പായും.
“വെളുപ്പിനുകാണുന്ന സ്വപ്നങ്ങൾ നടക്കുമോ?”
“ഉറങ്ങുന്നവരല്ലേ സ്വപ്നം കാണുക?”
“തമാശയല്ല.”
“നടക്കുമെന്നാണ് കേട്ടിട്ടുള്ളത്. എന്തേ?”
“ഒന്നുമില്ല.
ഇന്ന്… എന്റെ പിറന്നാളാണ്.”
നിശബ്ദതയിൽ അവരിരുന്നു. ഏറെ നേരം. ദൂരെയെങ്ങോ ഒരു സൈക്കിൾ ബെൽ കേട്ട് കുട്ടൻ ലക്ഷ്മിയുടെ നേരെ തിരിഞ്ഞു. പതിയെ അവളുടെ കൈപിടിച്ചു ചുണ്ടോടുചേർത്ത് ഉള്ളംകൈയിൽ ഒരു മുത്തം കൊടുത്തു.
ജമീലതാത്ത ഉണ്ടാക്കിയ വട്ടയപ്പം, നഫ്സു വാശിപിടിച്ചാണ് ലക്ഷ്മിയെക്കൊണ്ട് മുറിപ്പിച്ചത്. അന്ന് പിരിയുംനേരം കുട്ടൻ അവൾക്കൊരു മുയൽകുഞ്ഞിനെ സമ്മാനിച്ചു; തൂവെള്ള പഞ്ഞിക്കെട്ടിൽ രണ്ടു മഞ്ചാടി കണ്ണുകളുമായി, ഒരു മുയൽകുഞ്ഞിനെ.
അവസാനത്തിന്റെ തുടർച്ച
അച്ഛനെയും അമ്മയെയും കുറിച്ച് ലക്ഷ്മി ഇടയ്ക്ക് ഓർക്കാറുണ്ട്. അവരെ എല്ലാം അറിയിച്ചൂടെയെന്ന് കുട്ടൻ പലകുറി ചോദിച്ചപ്പോഴും അവളുടെ ഉത്തരം ‘വേണ്ടാ’യെന്നുതന്നെയായിരുന്നു. അച്ഛനോട് വെറുപ്പാണ്. അമ്മയോട്? അറിയില്ല.
ഒരിക്കൽ ‘ഈ കൊച്ച് എപ്പൊഴും ഇവിടെയാണല്ലോ’യെന്ന് ആരോ ചോദിച്ചപ്പോൾ, ‘അതെ. അതിവിടുത്തെ കൊച്ചാ. എന്തെ?’ എന്നും പറഞ്ഞ് ജമീലതാത്ത തട്ടിക്കയറി. അന്നാണ് സ്വന്തം അമ്മയെ അവൾ ആദ്യമായി പഴിച്ചത്. വെറുക്കാൻ ശ്രമിച്ചത്.
താത്തയുടെ മുറ്റത്താണ് കുടുംബശ്രീയുടെ മാസച്ചിട്ടി വിളി നടക്കാറ്. പതിനഞ്ചു പെണ്ണുങ്ങൾ, ഇരുപത്തഞ്ചു രൂപ ആഴ്ചയടവിന്, ആയിരത്തിഅഞ്ഞൂറ് രൂപയുടെ മാസച്ചിട്ടി. ചിട്ടിയിലില്ലെങ്കിലും, വരുന്നവർക്ക് ചായ തികത്താനും ഉമ്മയെ സഹായിക്കാനുമായി ലക്ഷ്മിയും അവിടെക്കാണും.
അങ്ങനെയൊരിക്കൽ നഫ്സുവിനൊപ്പം ചായ പകർത്തിക്കൊണ്ടിരുന്നപ്പോഴാണ് പെട്ടന്നവൾ കുഴഞ്ഞുവീണത്. ആരൊക്കെയോ ചേർന്ന് പിടിച്ചിരുത്തി, വെള്ളം തളിച്ച് എഴുന്നേൽപ്പിച്ചു.
“ചൂടിന്റെയാവും.”
“ഏയ്… ഇത് അതിന്റെയൊന്നുവല്ല.
മുഖത്ത് നല്ല വിളർച്ചയുണ്ട്.”
“കല്യാണം കഴിഞ്ഞിട്ട് ഇത്രേം ആയില്ലേ.”
കൂടിനിന്നവരുടെ ചർച്ചകളിൽ നിന്നും പിൻവലിഞ്ഞ് അവൾ വീട്ടിലേക്കോടി.
എന്നാണ് താൻ അവസാനമായി രക്തമൊഴുക്കിയത്? ഓർമ്മയില്ല.
കണ്ണുനിറഞ്ഞു. ചുണ്ടുവിറച്ചു. കലണ്ടറിലെ അടയാളപ്പാടുകൾ മറിച്ചുനോക്കി, പലവട്ടം.
മനംപിരട്ടി. വാപൊത്തി അവൾ പുറത്തെ കക്കൂസിലേക്കോടി – തെകിട്ടിവന്നതൊക്കെയും ഛർദ്ദിച്ചു.
പിടഞ്ഞെണീറ്റ് വാതിലിന്റെ കുറ്റി കൊളുത്തി.
കാൽ കുന്തിച്ച് തറയിലിരുന്ന്, അടിവയറിന് ആഞ്ഞിടിച്ചു; പലവട്ടം.
ബലം പിടിച്ച് മുക്കി; വീണ്ടും വീണ്ടും.
വയർ കനത്തുവന്നു. മൂത്രം പൊടിഞ്ഞു. ആ തറയിൽത്തന്നെ കുത്തിയിരുന്ന് കരഞ്ഞു.
കുട്ടനാണ് ലക്ഷ്മി പറഞ്ഞതനുസരിച്ച് അവളെ പിറ്റേന്ന് താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയത്.
“ലക്ഷ്മി ഗർഭിണിയല്ല. പീരിയഡ്സ് ഒന്നു താളം തെറ്റിയെന്നേയുള്ളൂ. ടെൻഷൻ എന്തെങ്കിലും ഉണ്ടോ?
നമ്മുക്ക് അടുത്ത ഒരു തവണ കൂടി നോക്കാം. എന്നിട്ടും നോർമലായില്ലെങ്കിൽ ഞാൻ മരുന്ന് തരാം. പോരെ?”
“എനിക്ക് ഗർഭിണിയാകണ്ട.”
ആശുപത്രിയിലേക്ക് പോയപ്പോഴോ, ഡോക്ടറെ കണ്ടിറങ്ങിയപ്പോഴോ കുട്ടൻ ചോദിച്ചതിനൊന്നും അവൾ മറുപടി കൊടുത്തില്ല. തിരികെ വീട്ടിലേക്കുള്ള ബസ് യാത്രയിൽ, പിന്നോട്ടുപായുന്ന മരച്ചില്ലകളിൽ നോക്കി ലക്ഷ്മി അവനോടെല്ലാം പറഞ്ഞു. അടിവയറ്റിലിടിച്ചത് – കരഞ്ഞത് – ഗർഭിണിയല്ലെന്നറിഞ്ഞത് – അമ്മയാകേണ്ടെന്ന് പറഞ്ഞത് – ഡോക്ടർ അവളിൽ ഒരു കോപ്പർ IUD സ്ഥാപിച്ചത്. കുട്ടൻ തിരിച്ചൊന്നും പറഞ്ഞില്ല, ചോദിച്ചില്ല. അവളുടെ കൈ എടുത്ത് തന്റെ കയ്യിൽ അമർത്തി കൂട്ടിപ്പിടിച്ചു.
കുട്ടന് കൊല്ലപ്പരീക്ഷ തുടങ്ങുകയായിരുന്നു അന്ന്. രാവിലെ പത്രക്കെട്ടെടുക്കാൻ പോകുന്നവഴി, നോക്കിയെങ്കിലും, ലക്ഷ്മിയെ പുറത്തെങ്ങും കണ്ടില്ല. എല്ലാം കൊടുത്തുതീർത്ത് വീട്ടിലേക്ക് തിരികേ ചവിട്ടിയെത്തുമ്പോഴാണ്, അവളുടെ വീടിനുമുന്നിൽ വലിയൊരു ആൾക്കൂട്ടം. സൈക്കിൾ വശത്തേക്ക് നീക്കി സ്റ്റാന്റുതട്ടി, തടിച്ചുകൂടിയവരുടെ ഇടയിലൂടെ നടന്നുകേറിയപ്പോൾ ആരോ പിറുപിറുത്തു.
“കൊന്നു.
ഷാജിയെ അവള് കൊന്നു.”
തലേന്ന് രാത്രി വളരെ വൈകിയാണ് ഷാജി വീടെത്തിയത്.
ഷർട്ടഴിച്ച് ആണിയിൽതൂക്കി, കട്ടിലിൽ വന്നിരുന്നു. ചുവന്ന കണ്ണുകൾ അടച്ചുതുറന്ന്, ചിരട്ടയിലെ ചാരത്തിലേക്ക് തൊണ്ട കാർപ്പിച്ചു തുപ്പി. കീഴ്ച്ചുണ്ട് മലർത്തി മീശ വടിച്ചു. ഭക്ഷണമെടുക്കട്ടെയെന്ന് ലക്ഷ്മി ചോദിച്ചതിന് മറുപടികൊടുക്കാതെ കട്ടിലിൽ നിന്നെഴുന്നേറ്റുചെന്ന് മുൻവാതിലിന്റെ കൊളുത്തിട്ടു. തിരിഞ്ഞ്, നേരെ അടുക്കളവരെപ്പോയി തിരിച്ചുവന്ന് അവളുടെ മുന്നിൽ നിന്നു.
“നീയും നിന്റെ മറ്റവനും കൂടി എങ്ങോട്ടാടീ പോയത്?”
“എന്താ?”
“നീയും നിന്റെ മറ്റവനും കൂടി എന്തിനാടി കഴുവേറീടെ മോളെ ആശുപത്രിയിൽപ്പോയത്?”
ചോദിച്ചുതീരുന്നതിനുമുന്നേ കയ്യിൽ കരുതിയ ചിരവ അവളുടെ തലയ്ക്കുനേരെ അവൻ ആഞ്ഞു. തടുത്തത് കൈകൊണ്ടാണ്. ആദ്യ അടിയിൽ ലക്ഷ്മിയുടെ ഇടതുകൈ ഒടിഞ്ഞുതൂങ്ങി. അവൾ വാവിട്ടു നിലവിളിച്ചു. തൊണ്ടക്കുഴിയ്ക്കു കുത്തിപ്പിടിച്ച് അവൻ അവളുടെ അടിവയറ്റിലേക്ക് കാൽമുട്ടുകയറ്റി. മുടിക്കുത്തിനുപിടിച്ച് പിന്നോട്ടുവലിച്ച് കണ്ണും മൂക്കും കൂട്ടിയിടിച്ചു. നാഭിയിലെ രണ്ടാമത്തെ തൊഴിയിൽ കാൽവണ്ണയിലേക്ക് രക്തവും മൂത്രവും അരിച്ചിറങ്ങി. വേദനകൊണ്ട് വിറച്ച് അവൾ തറയിൽ വീണ് പുളഞ്ഞു.
കലി തീരാതെ ചുറ്റുമുള്ളതെല്ലാം തട്ടിത്തെറുപ്പിക്കുന്ന കൂട്ടത്തിലാണ്, മുറിയുടെ ഒരു മൂലയ്ക്കിരിക്കുന്ന മുയൽക്കൂട് അവന്റെ കണ്ണിൽപ്പെടുന്നത്. ലക്ഷ്മി പിടഞ്ഞെണീറ്റു. എന്തെങ്കിലും ഒന്നു ചെയ്യുന്നതിനുമുന്നേ ഒരു കൈകൊണ്ട് അവൻ അതിന്റെ പിൻകാലുകളിൽ പിടിച്ചെടുത്ത് കട്ടിൽകാലിൽ ആഞ്ഞടിച്ച് തല ചിതറിച്ചു. കുതിച്ചെത്തിയ ലക്ഷ്മിയെ മറുകൈകൊണ്ട് അടിച്ച് കട്ടിലിലേക്ക് വീഴ്ത്തി, കഴുത്തിനു കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. കണ്ണുമിഴിച്ച് അവൾ കൈകാലിട്ടടിച്ചു. പ്രാണവെപ്രാളത്തിൽ കയ്യിൽത്തടഞ്ഞ പിച്ചാത്തിയെടുത്ത് അവൾ ഷാജിയുടെ നെഞ്ചുതുരന്നു. അവസാന ശ്വാസം നിലയ്ക്കുന്നതുവരെ ആ പിച്ചാത്തിത്തുമ്പ് അവനിൽ ചതഞ്ഞിറങ്ങി.
ആൾക്കൂട്ടത്തിനിടയിലൂടെ പോലീസുകാർ അവളെ കൊണ്ടുപോകുമ്പോൾ, ലക്ഷ്മിയുടെ മുഖം ഒരു തുണികൊണ്ട് മറച്ചിരുന്നു. അവൾ കുട്ടനെ കണ്ടില്ല. കുട്ടൻ അവളെയും.
തുടക്കത്തിന്റെ തുടർച്ച
“ലക്ഷ്മീ…”
ഒൻപതു വർഷങ്ങൾക്ക് ശേഷമാണ് ആ ശബ്ദം കേൾക്കുന്നത്. ജയിലിൽ വച്ച് ഒരിക്കൽപോലും കുട്ടനെ കാണാൻ ലക്ഷ്മി കൂട്ടാക്കിയിട്ടില്ല. അവൻ അയച്ച കത്തുകളോടൊന്നും അവൾ ആദ്യമൊന്നും പ്രതികരിച്ചില്ലെങ്കിലും, പിന്നീടൊരിക്കൽ ഒരു മറുപടി കൊടുത്തു. അവൻ വീണ്ടുമെഴുതി. അവൾ തിരിച്ചും.
അവന്റെ വാപ്പി മരിച്ചത്, ജോലി കിട്ടിയത്, നഫ്സുവിന്റെ കല്യാണത്തെക്കുറിച്ച്, ഉള്ളതെല്ലാം വിറ്റുപെറുക്കി ഉമ്മയോടൊപ്പം മലകയറിയത്, അങ്ങനെയങ്ങനെ…
കത്തുകളിലൂടെയാണ് അവർ സംസാരിച്ചത്.
അവൻ ഇഷ്ടം അറിയിച്ചത്.
അവൾ ചെറുത്തുനിന്നത്.
ഒടുക്കം തമ്മിലടുത്തത്.
“വഴി കണ്ടെത്താൻ ബുദ്ധിമുട്ടിയോ?”
“ഇല്ല.”
“ഇത്രയും താമസിച്ചപ്പോ, ബസിന് ചുരം കേറാൻ പറ്റിയിട്ടുണ്ടാവില്ലെന്ന് കരുതി.”
“ജമീലുമ്മ?”
“ഇവിടെ കുറച്ചുമാറി ഒരു ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. ആളപായമില്ല. പക്ഷെ, പ്രദേശത്തുള്ളവരെല്ലാംകൂടി താഴെയുള്ള ഒരു അങ്കണവാടിയിൽ കൂടിയിരിക്കാ. അവിടെയുണ്ട്.”
“ഉമ്മ എന്നോട് പൊറുക്കുമോ?”
“എന്തിന്? എല്ലാം തന്റെ തോന്നലാണ്. അങ്ങോട്ടേക്ക് പോകുന്നോ?”
“വേണ്ട. നഫ്സു?”
“മറച്ചുവെയ്ക്കുന്നില്ല.
അവൾക്കിപ്പോഴും ചെറിയ ദേഷ്യമുണ്ട് എന്റെ തീരുമാനത്തിൽ. അത് സാരമാക്കണ്ട, എന്നെങ്കിലും അവൾക്ക് മനസ്സിലാകും.”
“ഞാൻ കുറ്റപ്പെടുത്തുന്നില്ല.”
ആർത്തുപെയ്യുന്ന മഴയുടെ ഇരമ്പലിൽ, അവർ വീടിന്റെ തിണ്ണയിൽ കിടന്നു.
നേരിയ ചാറലടിച്ച് പാദം തണുത്തു. ഉള്ളം തുറന്നു.
വലിയ മൗനങ്ങൾ. നുറുങ്ങലിച്ച സംസാരങ്ങൾ.
“ആ മുയൽ… അത് ഗർഭിണിയായിരുന്നു.
ജീവൻ പോകുംമുൻപ് പാതി പരുവത്തിൽ രണ്ടു ചോരക്കട്ടകളെ അത് പ്രസവിച്ചു. ആ രാത്രിയിൽ എത്ര നേരം ഞാൻ അത് നോക്കിക്കിടന്നു.
ഞാൻ ചെയ്തതിന് ദൈവം തന്ന ശിക്ഷയാകും.”
“ആ ദൈവത്തിൽ എനിക്ക് വിശ്വാസമില്ല.”
“അങ്ങനെ പറയരുത്. എനിക്ക് ആകെയുള്ള പ്രതീക്ഷയാണ്.”
“പ്രതീക്ഷയെ അല്ല ഞാൻ ചോദ്യം ചെയ്തത്.”
അവൾ നിശബ്ദയായി.
നേരമൊരുപാട് കഴിഞ്ഞ് അവൻ പറഞ്ഞു;
“നമുക്ക് വിവാഹം കഴിക്കാം.”
“വേണ്ട.”
“എന്നെ ഇഷ്ടമല്ലേ?”
“വിവാഹം ഇഷ്ടമല്ല.”
മഴച്ചീളുകൾ മെല്ലെ മാഞ്ഞു. സൂര്യൻ തെളിഞ്ഞുവന്നു. അങ്കണവാടിയിൽനിന്ന് നടന്നുകയറിയ ജമീലതാത്ത, ദൂരെനിന്നേ കണ്ട കാഴ്ചയിൽ, മനസ്സുനിറഞ്ഞ് ചിരിതൂകി.
വീട്ടിലേക്കുള്ള കരിങ്കൽ പടികളിലൊന്നിൽ ഇരിക്കുന്ന ലക്ഷ്മി.
തൊട്ടു പിന്നിലിരുന്ന് അവളുടെ മുടി വിടർത്തി കോതിക്കൊടുത്ത് കുട്ടൻ.
കല്ലുകെട്ടിന്റെ വശങ്ങളിൽ കട്ടചെമ്പരത്തി പൂവിട്ടു നിന്നു.
കാറ്റിൽ, മരം പെയ്തിറങ്ങി.