പിടികിട്ടാപ്പുള്ളികളായ ചിത്രകാരന്മാരുടെയും, കവികളുടെയും, കഥാകാരന്മാരുടെയും, ചിന്തകരുടെയും സൃഷ്ടികൾ ഒരു ചൂടുകട്ടനും അടിച്ച് ഒന്നിച്ചുകൂടിയിരിക്കുന്ന സ്ഥലമാണ് ക്ലാസ്സ്മുറികളിലെ ഓരോ ഡസ്കിൻപുറവും. പ്രണയവും, വിരഹവും, വിപ്ലവവും, വാശിയും, വേദനയും, എതിർപ്പുമെല്ലാം പല രൂപങ്ങളിലും ഭാവങ്ങളിലും കാണാമവിടെ. അതിൽ കണ്ണുകൾ ആദ്യം കൊത്തിപ്പെറുക്കുക ഹൃദയത്തിന്റെ കൂട്ടിൽ പോറിയിടുന്ന പ്രണയങ്ങളാണ്. പക്ഷേ, ഇരുണ്ട ഡസ്കിൽ വൈറ്റ്നർ കൊണ്ടെഴുതിയ ആ വാചകം ആരും ആദ്യം തന്നെ ശ്രദ്ധിക്കും.
Girish Sir Rokzzz
ഗിരീഷ്.
ഈ പേരിന്റെ അർഥം എന്താണെന്ന് ചോദിച്ചാൽ – ‘മലകളുടെ ഈശ്വരൻ’, ‘കൊടുമുടികളുടെ ഈശ്വരൻ’ എന്നൊക്കെയാണ് നമ്മുടെ കാർന്നോൻമാർ എഴുതിവെച്ചിട്ടുള്ളത്. ഈ പറയുന്ന ഈശ്വരൻ കാണാൻ എങ്ങനെയിരിക്കും എന്ന് ചോദിച്ചാൽ… മൂലമറ്റം ബസ്സിൽ വന്നിറങ്ങി, തൊടുപുഴ ബസ്സ് സ്റ്റാൻഡിൽ നിന്നും ജയ് റാണി സ്കൂളിലേക്ക്, കുട ചൂടി, വൺ സൈഡ് ബാഗും തൂക്കി നടന്നു നീങ്ങുന്ന ഒരു മെല്ലിച്ച രൂപമാണെന്ന് ഞാൻ പറയും.
സ്റ്റാഫ്റൂമിലേക്കുള്ള വാതിലിനോട് ചേർന്ന ഭിത്തിയിൽ യേശു ക്രിതുവിന്റെ ഒരു രൂപം സ്ഥാപിച്ചിട്ടുണ്ട്. ‘എല്ലാം കാണുന്നവനല്ലേ നീ! എല്ലാം അറിയുന്നവനല്ലേ നീ!’ – എന്ന വിശ്വാസത്തോടെ ഭൂരിഭാഗം ടീച്ചർമാരും രാവിലെ സ്റ്റാഫ്‌റൂമിലേക്ക് വെറുതേ നടന്നുകേറും. ബാക്കി ചിലർ, ഇനി എങ്ങാനും പുള്ളിക്ക് ഫീൽ ചെയ്താലോ – ന്നോർത്, നടന്നുകയറുന്നതിനിടയ്ക്ക്തന്നെ, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ഒരു സ്തുതിയങ്ങെത്തിക്കും. എന്നാൽ എന്നും രാവിലെ, കണ്ണടച്ച്, കൈ കൂപ്പി, മിനിറ്റുകളോളം പ്രാർത്ഥിച്ചിട്ട് സ്റ്റാഫ്‌റൂമിലേക്ക് കയറുന്ന ഒരേ ഒരാളേ ആ സ്കൂളിലുള്ളൂ.
ഇത്രയും ഡെഡിക്കേഷനിട്ടു പ്രാർത്ഥിക്കാൻ അത് സാറിന്റെ കൃഷ്ണനല്ലല്ലോ! ക്രിസ്തുവല്ലേ…? എന്ന വിവരക്കേടിൽ ആ കാഴ്ച ഒരു അത്ഭുതമായിരുന്നു. പിന്നീട്, പഠിപ്പിച്ച പാഠങ്ങളിൽ ഏറ്റവും വലിയ തിരിച്ചറിവായി ആ കാഴ്ച്ച മാറിയപ്പോഴാണ് മനസ്സിലായത് – സാർ പ്രാർത്ഥിക്കുന്നത് കണ്ടുനിൽക്കുന്നതും ഒരു പ്രാർത്ഥനയാണെന്ന്.
“The essential geographical conditions for the cultivation of tea are… temperature… ah… mm…”
“മക്കളേ നിങ്ങൾ നീലഗിരി സിനിമ കണ്ടത് ഓർക്കുന്നുണ്ടോ? മമ്മൂട്ടീടെ? അതിലെ വിഷ്വൽസൊക്കെ ഓർത്തിട്ട് ഒന്ന് പറഞ്ഞ് നോക്കിക്കേ..
– പഠിക്കാനുള്ളതൊക്കെ ഇങ്ങനെ ഓരോന്നിനോട് കണക്ട് ചെയ്ത് മനസ്സിലാക്കി പഠിക്കണം. കേട്ടോ? അപ്പോ ഓർത്തിരിക്കും. മറന്നുപോവില്ല. കേട്ടോ?”
മറ്റുള്ള ടീച്ചേഴ്‌സിനെപോലെയല്ല. മുക്കിയും മൂളിയും ഉത്തരം പറഞ്ഞുതീർക്കാൻ സാർ സമയം തരില്ല. ശരിയെന്ന് ഉറപ്പുള്ള ഉത്തരം, സുരേഷ് ഗോപി – “മോഹൻ തോമസിന്റെ ഉച്ഛിഷ്ടവും അമേധ്യവും…” പറഞ്ഞപോലെ, നെഞ്ചുവിരിച്ച് ഉച്ചത്തിൽ വിളിച്ച് പറയണം. അതാണ് സാറിന്റെ രീതി. അങ്ങനെ പറയാൻ പറ്റിയില്ലെങ്കിൽ, ടെക്സ്റ്റ്ബുക്കും എടുത്തോണ്ട് നേരെ ക്ലാസ്സിനുപുറത്തേക്ക് വിട്ടോണം. പഠിച്ച് പറഞ്ഞുകേൾപ്പിച്ചിട്ടേ പിന്നെ അകത്തുകേറാനാകൂ. സാധാരണ ക്ലാസ്സിൽനിന്ന് ആരെങ്കിലും ഇറക്കിവിട്ടാൽ, ഒരു ഫീൽ ഗുഡ് എന്റെർറ്റൈനെർ പോലെ, പുറത്തുനിന്ന് അടിച്ചുപൊളിക്കുന്ന പലരും, ഗിരീഷ് സാർ ഇറക്കിവിട്ടാൽ മാത്രം എങ്ങനെയെങ്കിലും പഠിച്ച് പറഞ്ഞുകേൾപ്പിച്ചിട്ട് തിരിച്ചുകേറാൻ ശ്രമിക്കുന്നത് കാണാം. അതിന് കാരണമൊന്നേയുള്ളൂ. ആ കാരണമാണ് പുറത്തേക്കിറക്കിവിട്ടതും.
ഇൻസ്പെക്ഷനാണ്. സാൻഡ്‌പേപ്പർ മേടിച്ച് ഡസ്കിന്റെ പുറം ഉരച്ച് വൃത്തിയാക്കണമെന്ന് ഗിരീഷ് സാർ പറഞ്ഞിരുന്നു.
രാവിലത്തെ ഇന്റർവെൽ സമയത്ത്, ചുമ്മാ… ഒരു രസത്തിന്, മേടിച്ചോണ്ടുവെച്ചിരുന്ന സാൻഡ്‌പേപ്പർ എടുത്ത് ആരോ ഡസ്കിൽ ഒന്നുരച്ചുനോക്കി. വർക്ക് ചെയ്യാണുണ്ടോയെന്ന് ടെസ്റ്റ് ചെയ്തതായിരിക്കും! അതുകണ്ടപ്പോൾ, കുറച്ചുപേരൂടി ടെസ്റ്റ് ചെയ്തു. പിന്നങ്ങോട്ട് ടെസ്റ്റലോഡ് ടെസ്റ്റലായിരുന്നു.
– ബെല്ലടിച്ചു.
ലോ ലൈറ്റിൽ, പുകപടലങ്ങൾക്കിടയിലൂടെ സ്ലോമോഷനിൽ എൻട്രി ചെയ്യുന്ന നായകനെപ്പോലെ, പാറി പറക്കുന്ന മരത്തിന്റെ പൊടി വകഞ്ഞുമാറ്റി, 24 മണിക്കൂർ ഇടവേള കഴിഞ്ഞ് സുനിൽ സാർ ക്ലാസ്സിലേക്ക് കയറിവന്നു – ചില കണക്കുകൾ തീർക്കാനും, പുതിയ ചിലത് പഠിപ്പിക്കാനും.
ഒരു നന്ദിയും ഇല്ലാത്ത ദുഷ്ടനാ… ദുഷ്ടൻ! ഇത്രയും നല്ല മാസ്സ് എൻട്രി കൊടുത്തിട്ട്, ഒരു നല്ല വാക്ക് ?! പോട്ടെ..! പക്ഷെ ചീത്ത പറയാവോ?? നായകൻ വില്ലനായി ദേഷ്യപ്പെടുന്നതിനിടക്ക് ആരോ അങ്ങോട്ടുപറഞ്ഞു –
“ഗിരീഷ് സാർ പറഞ്ഞിട്ടാ…”
(അല്ലാണ്ട് ഞങ്ങളിങ്ങനെ ചെയ്യൂന്ന് തോന്നുന്നുണ്ടോ? അതും മാത്‍സ് പീരിയഡ് ?)
വില്ലൻ സീൻ വിട്ടു. ഗിരീഷ് സാറിന്റെ കൂടെയുള്ള റീ-എൻട്രിക്കാണ്. എങ്ങനെയായിരിക്കും ചീത്തവിളി? രാവിലേതന്നെ കിടന്ന് കാറിക്കൂവിയതിന്, മൂന്നാമത്തെയോ, നാലാമത്തെയോ തവണ പ്രിൻസിപ്പൽ നേരിട്ടുവന്ന് പൊക്കിയ ആ ദിവസത്തെപ്പോലെ – “ഏറ്റവും സന്തോഷം വരുമ്പോഴും, ഏറ്റവും സങ്കടം വരുമ്പോഴും, അത് പ്രകടിപ്പിക്കാൻ ഏറ്റവും നല്ലത് മാതൃഭാഷയാണ് “-എന്ന മുഖവുരയോടെ തുടങ്ങുന്ന നല്ല പച്ച മലയാളത്തിലുള്ള ചീത്തയായിരിക്കുവോ?! അതോ… “Speak only in English inside the school compound.” – എന്ന ഉത്തരവിനെ, മലയാളം മാത്രം പറഞ്ഞുകൊണ്ട് നേരിട്ടപ്പോൾ – “When speaking in Malayalam, it should be pure Malayalam. When speaking in English, it should be pure English. That’s why I ask you to…” എന്ന് പറഞ്ഞുതുടങ്ങിയപോലത്തെ ഇംഗ്ലീഷ് ചീത്തയായിരിക്കുവോ?! അതോ… ഇനി ചില ചൊറിത്തവള ടീച്ചർമാരെപ്പോലെ, ഒരു നാണോം മാനോം ഇല്ലാതെ എല്ലാത്തിനേം നിരത്തിനിറുത്തി പിടിച്ചടിക്കുവോ?! സാർ ഒരിക്കലും അങ്ങനെ ചെയ്തുകണ്ടിട്ടില്ല. എന്നാലും ചുമ്മാ തിങ്കാലോ..!
ഈ ചിന്തകളൊന്നും പുറത്തുകാണിക്കാതെ, നവരസങ്ങളും, പിന്നെ സ്വന്തമായിട്ട് കണ്ടുപിടിച്ച ഏതൊക്കെയോ രസങ്ങളും ഞങ്ങൾ പത്തു-നാൽപ്പതുപേരുടെ മുഖത്ത് മാലബൾബ് കത്തുന്നപോലെ മിന്നിമാറിക്കൊണ്ടിരുന്നു.
ചില കാര്യങ്ങൾ അങ്ങനെയാണ്. ചിന്തകൾക്കപ്പുറം സംഭവിക്കുന്ന വഴിത്തിരിവുകൾ ആഴങ്ങളിലേക്ക് നമ്മെ തള്ളിയിടും – ചിലപ്പോൾ സന്തോഷത്തിന്റെ, ചിലപ്പോൾ ദുഖത്തിന്റെ, ചിലപ്പോൾ തിരിച്ചറിവിന്റെ…
നിശബ്ദതയുടെ ഇടയിലേക്കാണ് ഗിരീഷ് സാർ വന്നുകേറിയത്. ക്ലാസ് മുഴുവൻ ഒന്ന് നോക്കി.
“മായ ചേച്ചിടെ അടുത്ത് ചെന്നിട്ട് ഒരു ചൂലുതരാവോന്ന് ചോദിക്ക്.”
നിവർന്ന് നിന്നിരുന്നവരുടെ മുന്നിൽ നടുവ് വളച്ച്, സ്വയം കുനിഞ്ഞ്, സാർ ആ ക്ലാസ്സ്‌റൂം മുഴുവൻ അടിച്ചുവാരി. വൃത്തിയാക്കി. ആരോടും ഒന്നും പറയാതെ ഇറങ്ങിപ്പോയി.
ഒരു ജനലിനപ്പുറം എല്ലാം കണ്ടുനിന്നിരുന്ന വില്ലൻ വീണ്ടും വന്നു. മറുവശത്തെ ജനലുകൾ തുറന്നിട്ടു. പതിയെ നടന്ന് ടീച്ചേർസ് ഡസ്കിൽ ചാരി നിന്നു.
“നിങ്ങൾ ക്ലാസ്സിങ്ങനെയാക്കിയത് തെറ്റ്. നിങ്ങളുടെ സാറിനെ അടിച്ചുവാരാൻ സമ്മതിച്ചത് അതിലും വല്യ തെറ്റ്.”
പലവട്ടം ആഗ്രഹിച്ചിട്ടുണ്ട് സാർ, യൂണിഫോമിട്ട് ആ പത്താംക്ലാസ്സിലെ ഏതെങ്കിലും ഒരു ബെഞ്ചിന്റെ സൈഡിൽ വന്നിരിക്കാൻ…പാട്ടുകേൾക്കാൻ… കൂടെപ്പാടാൻ…. ചോദ്യത്തിനുത്തരം പറയാതിരിക്കാൻ… ക്ലാസിനു പുറത്തുനിൽക്കാൻ… വഴക്കുകേൾക്കാൻ….
എല്ലാറ്റിനും ഉപരി… കയ്യിൽനിന്നും ആ ചൂലൊന്ന് തട്ടിപ്പറിക്കാൻ…
ഒന്നും മിണ്ടാതെ ഇറങ്ങിപ്പോകുന്നതിനുമുന്നേ, നിറഞ്ഞകണ്ണുകളോടെ “സോറി സാർ…” – എന്നൊന്നുപറയാൻ. പക്ഷെ പറ്റില്ലല്ലോ… പിന്നോട്ട് നടക്കാൻ കാലത്തിനറിയില്ലത്രേ.
ഒരുവട്ടംപോലും നേരിട്ടുകണ്ടിട്ടില്ലെങ്കിലും, ഒരുപാട് പഠിപ്പിച്ച, ഒരുപാട് ഇഷ്ടംതോന്നിയ, കേരളവർമ്മ കോളേജിലെ ദീപ ടീച്ചറുടെ ഒരു ഫേസ്ബുക് പോസ്റ്റ് ഓർക്കുന്നു :-
“പറഞ്ഞു പറഞ്ഞു പറഞ്ഞ് ദാ മാർച്ചും വന്നു…
ഇല പൊഴിയും കാലം…
ജയിച്ചു നിങ്ങൾ കടന്നു പോകൂ… തോറ്റു തോറ്റ്
ഞാനിവിടിടുണ്ടാകും…” – ദീപ നിശാന്ത്
ഇന്നും ഞാനറിയുന്ന ഈശ്വരൻ കുനിഞ്ഞുതന്നെ നിൽക്കുന്നു. സ്വയം തോറ്റ് എന്നെപ്പോലെ ഒരുപാട് പേരെ ജയിപ്പിച്ചുകൊണ്ടേയിരിക്കുന്നു.