“മറക്കാം. നല്ലതേവരൂ. മറക്കണം. മറന്നേപറ്റൂ.”
ഈ കലിങ്കേലിരുന്ന് എല്ലാം മറക്കാൻ തുടങ്ങിയിട്ട് നാളെത്രയായെന്ന് സത്യം പറഞ്ഞാൽ ഞാൻ മറന്നുപോയി. ‘എല്ലാം’ എന്നുപറയുമ്പോ… അത് അവളെക്കുറിച്ചാണ്. വടിവുറ്റ രണ്ടക്ഷരത്തിന്റെ വ്യാപ്തിയുള്ള ഒരു പേരുകാരിയെക്കുറിച്ച്.
ഈ ഇരുപ്പ്, അതൊരു സുഖാണ്. ഒരു തിട്ടപ്പുറം, രാവിലത്തെ മുറിവുകൾ ഉണങ്ങിത്തുടങ്ങിയ ആശ്വാസത്തിൽ കുറച്ച് റബ്ബർ മരങ്ങൾ. ഇങ്ങേപ്പുറം, വെയിൽ താണപ്പോഴുള്ള തണുത്ത കാറ്റിന്റെ സുഖം പിടിച്ചു മയങ്ങുന്ന നെൽച്ചെടികൾ. ഇരുകൂട്ടരുടെയും മധ്യസ്ഥനെപ്പോലെ നീണ്ടു നിവർന്ന് ഒരു കയ്യാണി. ഇതിനെല്ലാം ഒത്ത നടുക്കിരുന്നാണ് ഞാൻ മറക്കാറ്.
തനിക്ക് കാര്യം പറഞ്ഞാപ്പോരേ? വെറുതേ ചുറ്റും നിൽക്കുന്നതിനെയൊക്കെ കൂട്ടുചേർക്കുന്നതെന്തിനാണ് ? – എന്നാണ് നിങ്ങളുടെ ചോദ്യമെങ്കിൽ, ഇവരെക്കൂടാതെ എങ്ങനെ ഞാൻ ഇതു പറഞ്ഞുതീർക്കുമെന്ന് മറുചോദ്യം ചോദിക്കേണ്ടിവരുമെനിക്ക്. അതങ്ങനെയാണ് ; മഴ പെയ്തു നനച്ച്, തഴച്ചങ്ങു വളർത്തും. കാറ്റ് വീശി കുളിരണിയിക്കും. കുരുത്തക്കേട് കാട്ടാതിരിക്കാൻ അപ്പുറവും ഇപ്പുറവും പിടിച്ചുനിർത്തും മരം. ചെറിയ കുറുമ്പുകാട്ടുമ്പോൾ, ഇലകളെല്ലാംകൂടി കൂട്ടംചേർന്ന് കണ്ണുപൊത്തി നിൽക്കും. ഇവരെയൊക്കെ എങ്ങനെ എന്റെ കഥയിൽനിന്ന് ഞാൻ ഒഴിച്ചുനിർത്തും? അതൊട്ടും വയ്യ.
മച്ചൂഴിപ്പറമ്പിൽ കാച്ചിലുപറി നടക്കുകയായിരുന്നു. വൈകിട്ടത്തെ ചായ തികത്തിയ ചെരുവവും, പണി കഴിഞ്ഞ് എല്ലാവർക്കും വീതിച്ചുകൊടുക്കാനുള്ളതും ഏൽപ്പിച്ചുമടങ്ങുമ്പോൾ കുഞ്ഞന്നചേട്ടത്തിയാ പറഞ്ഞേ :-
“അനുകൊച്ചും കെട്ടിയോനും വന്നിട്ടുണ്ടെന്നാ തോന്നണെ. കുന്നേവീടിന്റെ മുന്നിൽ കാറ് കിടപ്പുണ്ട്.”
മറുപടിയൊന്നും പറയാതെ, എന്തൊക്കെയോ മറന്ന് മറന്ന് തിരിച്ചുനടന്നു. കുത്തഴിഞ്ഞ മുണ്ടും മനസ്സും ഒന്ന് പറിച്ചുടുത്തിട്ട് തൊണ്ടിലേക്ക് തിരിഞ്ഞുകേറിയപ്പോഴാണ്!
കോളേജ് കഴിഞ്ഞുവന്നാൽ, ഒരു നാലമ്പത് – നാലമ്പത്തഞ്ചോടുകൂടി, നെല്ലാട്ടെ നീതുന്റേം, അയൽപക്കത്തെ രണ്ട്-മൂന്ന് ഇമ്മിണി പിള്ളേരുടെയും കൂടെ, തോട്ടിലേക്ക് ഒരു പോക്ക് പതിവാണ്. ഞായറാഴ്ച്ച മാത്രം പാലുകൊണ്ടെത്തന്ന ലതേച്ചീടെ വീട്ടിലൊന്നുകേറും. വെറുതേ ഒന്നും രണ്ടും പറഞ്ഞ്, ഒരു മൂന്നോ നാലോ മിനുട്ട്. അതവരോടുള്ള സ്നേഹം കൊണ്ടൊന്നുവല്ല. താളിയും മൈലാഞ്ചിയും വേണ്ടവൾക്ക് ഔചത്യം പാടില്ല. അത്രമാത്രം.
- തലേൽ വെക്കുന്നത് – വേപ്പില കാചിച്ച എണ്ണ.
- കയ്യിൽ ഒരു അലുമിനിയം ബക്കറ്റ് – അതിൽ അലക്കാനുള്ളതും മാറിയുടുക്കാനുള്ളതും വേർതിരിച്ച്.
- ഒരു തോർത്ത്, ചകിരി കഷ്ണം, സോപ്പുപെട്ടി – അതിനുള്ളിൽ മെഡിമിക്സ്.
- പിന്നെ, കല്ലേൽ പതിച്ച് ഉപ്പൂറ്റി ഉരയ്ക്കാനും, തുണി കുത്തിപ്പിഴിയാനും ഒരു ചെറിയ കഷ്ണം നിർമ്മ മുറിച്ചത്.
മേൽപ്പറഞ്ഞതൊന്നും എനിക്കറിവുള്ളതല്ല. ഞാനിതൊന്നും ശ്രദ്ധിച്ചിട്ടുവില്ല. ഞാനെന്തിനാ ഇതൊക്കെ അന്വേഷിച്ചുനടക്കുന്നേ?
താളി പറിച്ചിട്ട് തോട്ടിലേക്കുള്ള പോക്കിൽ നീ ഒറ്റക്കായിരിക്കുമെന്ന് എനിക്കറിഞ്ഞുകൂടാത്തതുകൊണ്ടാണ്, മണിക്കൂറൊന്നായി തോട്ടിൽ കിടന്ന ഞാൻ, ഒന്ന് മുങ്ങി, ഈ തൊണ്ടിൽ, അന്ന് നിന്റെ മുന്നിൽ പൊങ്ങിയത്. (നിന്റെ ശിങ്കിടികൾ ലതേച്ചീടെ അവിടെ കേറാതെ തോട്ടിലേക്ക് നേരെ പോകാറാണ് പതിവെന്ന് എനിക്കൊട്ടുമറിയില്ലായിരുന്നു. സത്യം.)
“ആ… കുളിക്കാൻ പൊവ്വാ? എന്നും ഈ സമയത്താണോ പോണേ?”
“കണ്ണൊക്കെ ഉപ്പന്റെകൂട്ടായി. അതെങ്ങനെയാ… കൊറേയുണ്ടല്ലോ തെണ്ടിത്തിരിഞ്ഞുനടക്കുന്നതുങ്ങള് കൂട്ടിന്. അതുങ്ങടെ കൂടെ കുത്തിമറിഞ്ഞുനടന്നോ…”
– പോയി.
ഞാനെന്താ ചോദിച്ചേ? നീയെന്താ പറഞ്ഞേ? ഞാനെന്താ കേട്ടെ? ആ..!
എന്തായാലും ഒന്നു തിരിഞ്ഞുനോക്കി ഞാൻ. നീ നോക്കിയില്ല. ഞാൻ മാത്രം. അതുകൊണ്ടാണല്ലോ കണ്ടത്; പാടത്ത് കാറ്റടിച്ച് നെൽച്ചെടികൾ നിലംപറ്റികിടക്കുന്നതുപോലെ – നിന്റെ പിൻകഴുത്തിലെ മുടി. രോമങ്ങൾ.
അടിപിടിച്ചും കൂട്ടുകൂടിയും ഞാനും നീയും എന്നോ നമ്മളായിപ്പോയി. വിധി ദിവസം വന്നു. കല്ലെറിയാഞ്ഞിട്ടും ആ തേനീച്ചക്കൂട്ടം നിന്നെ കൊത്തി. വേദനിപ്പിച്ചു. കരയിച്ചു. എന്നെ സ്നേഹിച്ചതുകൊണ്ടല്ല. കുരിശിന്റെവഴിയെ പോയവനെ സ്നേഹിച്ചതുകൊണ്ട്. ചന്ദനക്കുറിയിട്ടവൾ കുരിശിന്റെവഴിയെ പോയവനെ സ്നേഹിച്ചതുകൊണ്ട്.
ഒടുക്കം കിണറ്റിലെ അരക്കോൽ വെള്ളം പോരാഞ്ഞ്, നിന്റെ അമ്മ കുളിക്കാൻ മണ്ണെണ്ണയെടുത്തു. ആ പ്രായത്തിലും, ഉത്തരത്തിലൂഞ്ഞാടിക്കളിക്കാൻ നിന്റച്ഛൻ കയറുമെടുത്തു. കുളിക്കണോ കളിക്കണോ എന്നറിയാതെ നിന്റനിയനും. അപ്പോഴല്ലേ… അപ്പോഴല്ലേ പെണ്ണേ… അതുവരെ പിടിച്ചുനിന്ന നിന്റെ കാലിടറിയത്. അപ്പോഴല്ലേ നീ പതറിവീണത്. ആരെ ഞാൻ പഴിക്കും? ആരെ ഞാൻ ശപിക്കും? ദൈവവും ദൈവങ്ങളും തമ്മിലേറ്റുമുട്ടിയിട്ട്… തോറ്റത് നമ്മളായിപ്പോയില്ലേ… ഞാനും നീയുമായിപ്പോയില്ലേ…
“മറക്കാം. നല്ലതേവരൂ. മറക്കണം. മറന്നേപറ്റൂ.”
പലരുടേയും കണ്ണുവെട്ടിച്ചിട്ടായിരുന്നു ഇതേ തൊണ്ടിന്റെ പാതിക്കെ, ആ കൂടിക്കാഴ്ച്ച. നേരം കുറേ കണ്ണീരൊഴുക്കി ഇത്രമാത്രമാണ് നീ പറഞ്ഞത്. മങ്ങിയ എന്റെ കണ്ണ് ഒന്നടച്ചുതുറന്നപ്പോൾ, കണ്ണുമൂടിയ നീരൊഴുകിപ്പോയി. മുന്നിലുണ്ടായിരുന്ന നീ മാഞ്ഞും. തിരിച്ചൊന്നും പറയുന്നതിനുമുന്നേ നീ പോയി.
–കല്യാണം–
സെപ്റ്റംബർ 10, 2002
ആ തിയതിക്കുശേഷം, വീട്ടിലെ ചുവരിൽ, കലണ്ടർ മൂന്നാലെണ്ണം മാറിക്കേറി. ഇന്നാണ്, നേർക്കുനേരെ, കണ്ണോടുകണ്ണ് – അതും ഇവിടെവെച്ചുതന്നെ.
കുറച്ചുകഴിഞ്ഞാണ്, മുന്നിൽ നിരന്നത് രണ്ടല്ല, ആറുകണ്ണുകളാണെന്നുള്ള പാതി ബോധം വന്നത്. ഒക്കത്തൊന്നെയുള്ളൂ. മൂന്നില്ല. മൂടുകുലുക്കി വകഞ്ഞുമാന്തി ചുവടുവെക്കണ തള്ളക്കോഴിയെ കണ്ടില്ല ഞാൻ നിന്നിൽ. മൂടുകോട്ട പൊക്കുമ്പോഴേക്കും പറന്ന് ചാടിയോടണ കുഞ്ഞിനെയാ കണ്ടേ. പഴയ കുറുമ്പിക്കോഴിയെ. നെൽച്ചെടികൾ…? ഒളികണ്ണിട്ട് നോക്കിയില്ല. അത് വേണ്ട. ചിറകുരണ്ടും ഒന്നുപൊക്കിക്കുടഞ്ഞ് , കഴുത്തും കാലും നീട്ടിനിവർത്തി നീ ചുണ്ടനക്കിത്തുടങ്ങി. നാട്, വീട്, ഉദ്യോഗം, കൂട്ടുകാർ… അങ്ങനെയങ്ങനെ…
ഇതിൽ.. ഇതിൽ ഞാൻ എവിടെടീ?
മറുപാതി ബോധം വന്നു.
പൂവന്റെ കണ്ണുകളും എന്റെ മേലെ തന്നെ. അയാൾ ഒന്നു ചിരിച്ചു; ഞാനും. എന്തോ ചോദിച്ചു. എന്തൊക്കെയോ പറഞ്ഞു. ഒക്കത്തുള്ളതിനെ ഒന്നൂടൊന്നു നോക്കി.
“വെറുതെ തോട്ടിലേക്കൊന്നിറങ്ങിയതാ. ലതേച്ചീടെ അവിടെ ഒന്ന് കേറണം. പോട്ടെ എന്നാ..”
“ആയിക്കോട്ടെ.”
മറ്റൊരുത്തന്റെ തോളോടുചേർന്ന് നീ നടന്നകലുന്നതു കണ്ടപ്പോൾ, എന്തോ, ഉള്ളൊന്നാളി. പാതിയായ ജീവൻ ഇരട്ടശ്വാസം വലിച്ചു.
കണ്ണ് നിറഞ്ഞല്ലോ പെണ്ണേ…
ഒന്ന് പറഞ്ഞേക്കാം; ജന്മങ്ങൾ ഒരുപാടുണ്ടെന്നല്ലേ നീ പറയാറ്. ഞാൻ മേപ്പോട്ട് പോയാപ്പിന്നെ കീപ്പോട്ടുണ്ടോന്നറിയില്ല. കയ്യിലിരുപ്പാതാണല്ലോ. ഇനി അങ്ങനെയൊന്നുണ്ടായാൽ… ഞാൻ നിന്നെ തേടി വരും. ത്ലാമഴയത്ത് തൊണ്ടിൽക്കൂടി കൈകോർത്ത് നടക്കാനോ, നെഞ്ചോട് ചേർത്ത് നിർത്തി നിന്നെ ആയിരം പൂർണചന്ദ്രന്മാരെ കാണിക്കാനോ ആണെന്നുകരുതല്ലേ. അല്ല. അന്നും നീ ഇങ്ങനെ നടന്നകന്നാൽ, തടഞ്ഞുനിർത്തിയിട്ട് നിന്റെ കിറിക്കിട്ടൊന്നു കുത്താൻ. ഒന്ന് കൊഞ്ഞനം കാട്ടാൻ. അന്നെങ്കിലും… കണ്ണുനിറക്കാതെ നിന്റെ മുഖത്തൊന്നുനോക്കാൻ. ഒരു കള്ളച്ചിരി ചിരിക്കാൻ. അല്ലാണ്ടെന്തിനാ… നിന്നെ ഞാൻ പ്രണയിച്ചിട്ടില്ല. സത്യം. നീ എന്റെ ആരുമല്ല. സത്യം.
സന്ധ്യയായി. വീടുപറ്റണം. ജനലുതുറന്നിട്ട് പുറത്തേക്കു കണ്ണുംമിഴിച്ച് കുറച്ച്നേരമിരിക്കണം. അമ്മ കാണാതെ ഒന്ന് പുകയ്ക്കണം. മറക്കണം. മറന്ന് മറന്ന് ആ ചൂരൽ കസേരയിൽത്തന്നെ വളഞ്ഞുകൂടിക്കിടന്നുറങ്ങണം.
മഴയോ കാറ്റോ ആ വഴി ഇനി വരുമെന്ന് തോന്നുന്നില്ല. തിരിഞ്ഞൊന്നുനോക്കാണ്ട് എല്ലാം പടിയിറങ്ങിപ്പോയിട്ട് നാളുകുറേയായില്ലേ. തിരിച്ചുവിളിക്കാനും ഞാനില്ല. പോട്ടെ.