“Bits of paper… bits of paper…
Lying on the floor… lying on the floor…
Makes the place untidy… makes the place untidy…
Pick them up…pick them up…”
നല്ല റോസാപ്പൂ പോലെയിരിക്കുന്ന സിസ്റ്റർ ഫ്ലോറിയ ഈ പാട്ടുപഠിപ്പിച്ച ആ ദിവസം, ലേശം കഷ്ടപെട്ടിട്ടാണെങ്കിലും, ഞാനും നിലത്തുനിന്ന് പേപ്പർ കഷ്ണങ്ങൾ പെറുക്കാൻ പഠിച്ചു. എല്ലാ ദിവസവും ക്ലാസ്സ്‌റൂം അടിച്ചുവാരി വൃത്തിയാക്കാൻ വരുന്ന ആയ ചേച്ചിമാരുടെ പണി ഇച്ചിരിയെങ്കിലും ഒന്ന് കുറച്ചുകൊടുക്കുവാനുള്ള ടാക്ടിക്കൽ മൂവായിരുന്നോ ഈ ആക്ഷൻ സോങ്ങെന്ന് പിന്നീട് ഞാൻ ആലോചിച്ചിട്ടുണ്ട്. എന്തായാലും, ശാസ്ത്രീയമായി പെറുക്കൽ പഠിച്ച ആ ദിവസം; അന്നായിരുന്നു അത് സംഭവിച്ചത് – ഞങ്ങൾ കണ്ടുമുട്ടിയത്.
ണിം… ണിം…
-ഉച്ച ബെൽ അടിച്ചു.
ഇടിയുടെയും മുട്ടിന്റെയും ബാലപാഠങ്ങൾ നന്നായി പഠിച്ചവരുടെ ചോറ്റുപാത്രങ്ങൾ മാത്രം തുറക്കപ്പെട്ടു. കുറച്ച് മണുക്കൂസൻമാരും മണുക്കൂസികളും “പാത്രം ഒന്ന് തുറന്ന് തര്വോ…” എന്ന നിവേദനവുമായി ക്ലാസ്സിൽ കറങ്ങിനടന്നിരുന്ന ആയ ചേച്ചിമാരുടെ മുന്നിൽ ക്യൂ പാലിച്ചു. അധ്വാനിച്ച് – സ്വന്തം കൈ കൊണ്ട് വാരിത്തിന്നാനുള്ള മടികൊണ്ടും, മഠത്തിലെ കുറ്റിക്കാടൻ പന്നികളെ സ്വന്തം ഫുഡ് കൊടുത്ത് വളർത്താൻ തോമയ്ക്കു താൽപര്യമില്ലാതിരുന്നതുകൊണ്ടും, ചോറുണ്ണാതെ വിശന്നിരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും പറ്റാത്തതുകൊണ്ടും, ഇനി മറന്നുപോയ വേറെയെന്തെങ്കിലും കാരണമുണ്ടെങ്കിൽ അതുകൊണ്ടും, പതിവുപോലെ ബുദ്ധിപരമായ ആ നീക്കത്തിന് ഞാൻ തയ്യാറെടുത്തു. “വാരിത്തര്വോ…” – ന്ന് കേണപേക്ഷിച്ചാൽ, “മര്യാദക്ക് പോയിരുന്ന് തന്നെ വാരിയുണ്ട് പഠിച്ചേടാ…” – ന്ന് ഒരു മര്യാദയും ഇല്ലാതെ പുച്ഛിക്കുന്ന ആയ ചേച്ചിമാരുടെ കണ്ണുവെട്ടിച്ച്, തൊട്ടുമുകളിലത്തെ നിലയിൽ മഠത്തിലെ സിസ്റ്റേഴ്സ് തന്നെ നടത്തുന്ന തയ്യൽ ക്ലാസ്സിലേക്ക് ഞാൻ ഓടി. അവിടെ സിജി ആന്റി (വല്യ ചാച്ചന്റെ അനിയന്റെ മോൾ) ഉണ്ടല്ലോ വാരിത്തരാൻ.
ഉരുളകൾ ഓരോന്നോരോന്നായി വാപൊളിച്ച് മേടിച്ചോണ്ടിരുന്ന കനപ്പെട്ട പണിക്കിടയിലാണ് ആന്റിയുടെ അടുത്തിരുന്ന ഒരു ചേച്ചിയെ ഞാൻ ശ്രദ്ധിച്ചത്.
“അതോ… അത് അമ്പിളി. ആ ചേച്ചീനെ അപ്പു കണ്ടിട്ടുണ്ടോ? നമ്മുടെ തറവാട്ടിലേക്ക് പോണവഴിക്കാ അവരുടെ വീട്.”
സിജി ആന്റി പരിചയപ്പെടുത്തുന്നത് കേട്ടപ്പോ, അമ്പിളിച്ചേച്ചി എന്നെ നോക്കി കണ്ണടച്ചുതുറന്നൊന്നു ചിരിച്ചു. ഞാനും ചിരിച്ചു.
ശ്രദ്ധിച്ചു. പിന്നേം പിന്നേം ശ്രദ്ധിച്ചു.
“അമ്പിളിച്ചേച്ചീടെ മൂക്കേലേ… പച്ച കളറുള്ള ഒരു കുരുവുണ്ട്…”
“പച്ച കളറുള്ള കുരുവോ? അത് വല്ല മൂക്കുത്തിയായിരിക്കും.” – വൈകിട്ട് കുളിപ്പിക്കുന്നതിനിടയിലുള്ള സംസാരത്തിൽ അമ്മി പറഞ്ഞുതന്നു.
മൂക്കുത്തി! ആദ്യായിട്ടാണ് അങ്ങനെയൊന്നിനെക്കുറിച്ച് കേൾക്കുന്നത്. മൂ…ക്കു…ത്തി. മൂക്കുത്തി!
അന്നുതൊട്ട്, പല നിറത്തിലും, പല രൂപത്തിലും, കല്ലുവെച്ചതും, അല്ലാത്തതുമായിട്ടുള്ള മൂക്കുത്തികൾ എന്റെ കണ്ണിൽപ്പെട്ട് തുടങ്ങി. വലുപ്പത്തിൽ വല്യ മാറ്റം ഒന്നുംതന്നെ കണ്ടില്ലെങ്കിലും, മൂക്കുത്തിയോടുള്ള എന്റെ ഇഷ്ടവും, ആ കൂടെ ഞാനും വലുതായിക്കൊണ്ടേയിരുന്നു.
ഒന്നാം ക്ലാസ്സിൽ ചേർന്ന് ദിവസങ്ങൾ കഴിഞ്ഞ് – “ഏത് ടീച്ചറിനെയാ ഏറ്റവും ഇഷ്ടം?” എന്ന ചോദ്യം നേരിട്ടപ്പോഴെല്ലാം, ലീന ടീച്ചർ എന്ന ഒറ്റയുത്തരത്തിൽ അള്ളിപ്പിടിച്ചിരുന്നു ഞാൻ. ഇന്ന് ആലോചിക്കുമ്പോൾ കാരണങ്ങളൊരുപാടുണ്ടെങ്കിലും, അന്ന്, ഒരേയൊരു കാരണമേയുണ്ടായിരുന്നുള്ളൂ – ടീച്ചറിന്റെ മൂക്കിലെ വെള്ള കല്ലുവെച്ച ഒരു കുഞ്ഞി മൂക്കുത്തി.
ഇതിനിടയ്ക്ക്, “മൂക്കുത്തിയൊന്നും നമ്മുടെ ആൾക്കാർക്കുള്ളതല്ല.” – എന്ന അമ്മാമ്മച്ചിയുടെ വാക്കുകൾ എന്റെ ചെവിയിലെത്തി. ഇന്നായിരുന്നെങ്കിൽ വിപ്ലവം പറഞ്ഞ് അമ്മാമ്മച്ചിയെ ഞാൻ കട്ടക്ക് എതിർത്തേനെ. പക്ഷെ അന്ന്, ‘വിപ്ലവം’ എന്ന് തെറ്റുകൂടാതെ എഴുതാൻ പറ്റുമെന്ന് ഉറപ്പില്ലാതിരുന്നതുകൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല. മൗനം വിദ്വാന്മാരുമാത്രമല്ല, മണ്ടന്മാരും പാലിക്കാറുണ്ട്.
‘ആണും പെണ്ണും ശത്രുക്കളാണ്. ഒരു സന്ധിയും തമ്മിൽ വേണ്ട’ന്ന് ഉറച്ചു വിശ്വസിക്കുകയും, അത് പ്രാവർത്തികമാക്കുകയും ചെയ്ത ക്ലാസ്സ് തലങ്ങൾ പിന്നിട്ട്, ‘ആണും പെണ്ണും ഒരുമിച്ചു നിൽക്കുന്നതല്ലേ നല്ലത്. അതല്ലേ അതിന്റെ ഒരു ഇത്. അങ്ങനെയല്ലേ വേണ്ടത് ‘ എന്ന ചിന്തയിലേക്ക് ഞാനും പതിയേ വളർന്ന് ചാഞ്ഞുവന്നു. പക്ഷേ… അപ്പുറത്തെ വരിയിലെ മൂക്കുകളിലൊന്നിൽപ്പോലും ഞാൻ മൂക്കുത്തി കണ്ടില്ല. അപ്പുറത്തെയും ഇപ്പുറത്തെയും ഡിവിഷനുകളിലും കണ്ടില്ല. നിരാശ. ഭയങ്കര നിരാശ. സങ്കടം.
കാലം കുറച്ചു വേഗത്തിൽ ഓടി. കൂടെ ഞാനും.
ഓരോ ദിവസത്തെയും ഒരു വല്ലാത്ത കൊതിയോടെ നോക്കിയിരുന്ന ആ നാളുകളിൽ, കടൽത്തീരത്തെ നനഞ്ഞ മണ്ണിന്റെ തണുപ്പിലൂടെ നടക്കാൻ, നുണക്കുഴികൾ വിടർന്ന ഒരു ചിരിയും, ഒരു കുറുമ്പി മൂക്കുത്തിയും എന്റെ കൈകോർത്ത് കൂടെ വന്നിരുന്നു. ഒടുക്കം ഏതൊക്കെയോ തിരമാലകൾ വന്ന്, ആഴങ്ങളിലേക്ക് അവളെ വലിച്ചിഴച്ചുകൊണ്ടുപോയപ്പോൾ, പൊടുന്നനെ മുന്നിൽ പൊട്ടിമുളച്ച പാറക്കൂട്ടങ്ങൾ എന്നെ തല്ലി വീഴ്ത്തിയപ്പോൾ, ആ കുഞ്ഞി മൂക്കുത്തി തിരിഞ്ഞു തിരിഞ്ഞ് നോക്കിയിട്ടുണ്ടാവണം. കാഴ്ചയിൽ ചെറുതെങ്കിലും, ഉള്ളത്രയും നീ മാത്രമാണെന്ന് അലറികരഞ്ഞിട്ടുണ്ടാകും.
കാണുന്ന മൂക്കുത്തികളിലെല്ലാം ഒരു മുഖവും ഒരു ചിരിയും മാത്രം നിറഞ്ഞുനിന്നിരുന്നതുകൊണ്ട് ഞാൻ ഒളിച്ചുകളി ശീലിച്ചു. മൂക്കുത്തികളിൽനിന്നും പുറംതിരിഞ്ഞു. എങ്കിലും, നിറഞ്ഞ എന്റെ കണ്ണുകൾ തുടച്ചുതരാൻ പലരേയും കൂട്ടുപിടിച്ച് മൂക്കുത്തികൾ വന്നുകൊണ്ടേയിരുന്നു.
കണ്ണടച്ച് ഇരുട്ടാക്കി മുന്നോട്ട് കുതിച്ചു. കുതിച്ച് കുതിച്ച് ഇനിയെങ്ങോട്ടാണെന്നോർത്ത നേരത്ത്, “ഇനി നീ ഒറ്റയ്ക്ക് പോ…”-ന്നും പറഞ്ഞ് മുന്നേയോടിയ വാശി തളർന്നിരുന്നു.
ഇന്ന്, പ്രായം ‘വലിയകുട്ടിയായി’ എന്ന് പറഞ്ഞുപഠിപ്പിക്കാൻ ശ്രമിക്കുമ്പോഴും, എന്റെ മൂക്കുത്തിക്കൊതിക്ക് ഒരു കുറവും വന്നിട്ടില്ല. മടുപ്പഭിനയിച്ച് മടിയിൽകിടക്കുന്ന മഴയുള്ളൊരു രാത്രിയിൽ; പള്ളിയിൽവെച്ചോ, കടയിൽവെച്ചോ, ബസ്സിൽവെച്ചോ, ഏതെങ്കിലും ഒരു പരുപാടിയിൽവെച്ചോ കണ്ട – സംസാരിച്ച – ഇഷ്ടം തോന്നിയ ആ കുട്ടിയെക്കുറിച്ച് അമ്മ എന്നോട് പറയും. വല്യ താല്പര്യമൊന്നും കാണിക്കാതെ, ഇച്ചിരി ഗമയൊക്കെയിട്ട് എല്ലാം കേട്ടിരിക്കും ഞാൻ. അതിനുള്ള കിണുക്ക് കയ്യോടെതന്നെ മേടിച്ചിട്ട്, കുട്ടി ഗ്രാജുവേറ്റാണോയെന്ന് അന്വേഷിക്കുന്നതിനും, കുട്ടിയുടെ സാമൂഹിക ബോധത്തെ പരീക്ഷിക്കുന്നതിനും മുന്നേ അമ്മയോട് ഞാൻ ചോദിക്കും…
“കുട്ടിക്ക്… മൂക്കുത്തി… ണ്ടോ?”