യാത്ര


“എന്നെങ്കിലും ഒരു നല്ല കാലം വരുമെന്നും പ്രതീക്ഷിച്ച്, മറ്റാരുടെയോ നല്ല കാലത്തിൽ ജീവിക്കുന്ന ഒരു സാധാരണക്കാരനാടാ ഞാനും.”

“എന്റെ സന്തോഷേട്ടാ… നിങ്ങടെ നാക്ക് !”

“ഹ! നാക്കല്ലടാ… വാക്ക്.”

“ആ… എന്ത് കിണ്ടിയാണേലും അത്.”

“ഈ തവണ ടെസ്റ്റിന് കേറ്റുമ്പോഴെങ്കിലും ആ വണ്ടീടെ പേര് ഒന്നു മാറ്റിക്കൂടെ സന്തോഷേട്ടാ?”

“എന്തിനാടാ മധുവേ നിന്റെ തൊണ്ടേലെ വെള്ളം വറ്റിക്കണേ? നമ്പർ ബോക്സ് അല്ലാണ്ട്, ഇങ്ങേര് ആകെ ആ വണ്ടിയേലെഴുതിക്കണത് യാത്ര-ന്നാ.

പേര് മാറ്റണ്ട. സ്റ്റൈലിന് എങ്കിലും ഒരു ‘ദൈവമേ കാത്തുകൊള്ളണമേ…’ -ന്നോ, അല്ലേൽ നമ്മടെ ദേവൂട്ടിയേൽ എഴുതിയേക്കണപോലെ ‘മുട്ടിക്കല്ലേ പൊന്നേ, മൊത്തം മുത്തൂറ്റിലാ’-ന്നോ, അങ്ങനെ എന്തെങ്കിലും.

ഒന്നും വേണ്ട! എന്നാ പിന്നെ ഒരു ‘ജയ് ഹിന്ദ്’ എങ്കിലും എഴുതിവിടട്ടേന്നു ചോദിച്ചാ, അപ്പൊ തൊട്ട് വീട്ടിലിരിക്കണ എന്റെ അപ്പൻ തുമ്മിത്തുടങ്ങും.”

“ചുമ്മാ ഒന്ന് എറിഞ്ഞുനോക്കീതല്ലേ ഷാജിയേട്ടാ.”

“ആടാ… നീ എനിക്കിട്ടു തന്നെ എറിയ്. ഞാൻ ഓട്ടോ ഓടിച്ച്‌  തുടങ്ങണ കാലത്ത് നിന്റെ അപ്പനും അമ്മേം നിന്നെക്കുറിച്ച് ചിന്തിച്ചിട്ടുപോലും ഇല്ലാട്ടോ. -ല്ലേടാ ഷാജിയേ?

31 കൊല്ലം മുന്നേ, പാട്ടത്തിനെടുത്ത് ഓടിക്കുന്ന പരുപാടി നിർത്തിയിട്ട്, സ്വന്തമായി ഒരു വണ്ടി എടുത്തപ്പോ ഞാൻ ഇട്ട പേരാ അത്. അമ്മുക്കുട്ടി, കരള്, ദേവി, ആരാധന, സുന്ദരി, ഗീവറുഗ്ഗീസ്‌, ജെറിൻ, അൽത്താഫ് – ഇവരുടെയെല്ലാം കൂടെ ഈ മഞ്ഞപ്പാറ ടൗണിൽ ഞാനും എന്റെ യാത്രയും.

ഇതിലും ബെസ്‌റ് ഒരു പേര് വേറെ ഉണ്ടോടാ?!”

“നിങ്ങളെ അടിമുടി പിടിച്ചുകുലുക്കിയ ഒരു പേരില്ലേ? അതിട്ടൂടെ? ഒരു ഓർമ്മയ്ക്ക്?”



ഹോട്ടൽ ദേവാസിന്റെ ഒരു മൂലയ്ക്ക് കൂട്ടം ചേർന്നിരുന്ന്  നല്ല ചൂട്  കട്ടനും ഉള്ളിവടയും കഴിക്കുന്ന ഓട്ടോചേട്ടന്മാരുടെ കൂടെ ഞാനും ഉണ്ട്. അവരിൽ ഒരാളാണോ എന്ന് ചോദിച്ചാൽ, അല്ല. വെറുതെ, നാടറിയാൻ, മനുഷ്യരെ അറിയാൻ, സന്തോഷേട്ടന്റെ കൂടെ ഇടക്ക് ഇങ്ങനെ പോയി ഇരിക്കും. നിങ്ങൾ ഉയർന്നു കേട്ട ആ സംഭാഷണങ്ങളിൽ ഞാനും ഭാഗമാണ്, പക്ഷെ ഇത് വരെ ഒന്നും മിണ്ടിയില്ലെന്ന് മാത്രം.

എന്തിനും ഏതിനും ഉത്തരമുള്ള അങ്ങേരെ മിണ്ടാതിരുത്താൻ എന്ത് ചെയ്യണമെന്ന് കൃത്യമായി അറിയാവുന്നതുകൊണ്ടാണ് മധു ശ്യാമേച്ചിയുടെ കാര്യമെടുത്തിട്ടത്. ഓരോരോ അലച്ചിലുകൾക്കിടയിൽ പിടിവിട്ടുപോണൂന്ന്  തോന്നുമ്പോൾ, നേരെ ബിവറേജിൽ പോയി ഒരു കുപ്പിയും എടുത്ത് , ഞറുക്കുറ്റി പാറപ്പുറം വലിഞ്ഞുകേറി, രാത്രി മുഴുക്കെ അതിന്റെ മണ്ടക്ക് കൂടുന്ന ഒരു പതിവുണ്ട് എനിക്കും സന്തോഷേട്ടനും. അങ്ങനെ ഒരു രാത്രിയിലാണ് ശ്യാമേച്ചിയെക്കുറിച്ച് ഞാൻ കൂടുതൽ അറിയുന്നത്.

പറഞ്ഞുതുടങ്ങിയപ്പോൾ എന്താണ് എങ്ങോട്ടാണ് എന്നൊന്നും എനിക്ക് മനസ്സിലായില്ല. താമസിയാതെ ഒരു പഴയ കയറ്റത്തിൽ ആ വണ്ടി ശബ്ദമിടറിനിന്നു.

സ്ഥലം മാറിവന്ന ആന്റണി മാഷിന്റെയും സിസിലി ടീച്ചറുടെയും വീട്ടിലേക്ക് കിട്ടിയ ആദ്യത്തെ ഓട്ടം. വണ്ടിയൊതുക്കി സാധനങ്ങൾ ഇറക്കാൻ സഹായിക്കുമ്പോഴാണ്, മുറ്റത്തെ പനീർചാമ്പയുടെ മുകളിൽ നിന്നും ‘പൊത്തോ’-ന്ന് അവൾ മുന്നിലേക്ക് വന്നുവീണത്.

“പെണ്ണിന് നിലത്ത് നിക്കാൻ പറ്റത്തില്ല. എവിടേലും വലിഞ്ഞുകേറി ഉരുണ്ട് വീണാൽ ആര് നോക്കുന്നോർത്താ? നടുവിനെന്തേലും പറ്റിക്കഴിഞ്ഞാ അപ്പൊ അറിയാം അതിന്റെ ബുദ്ധിമുട്ട്.
-നിന്നോട് തലേൽ എണ്ണ വെക്കാൻ പറഞ്ഞിട്ടല്ലേ ഞാൻ പോയേ? എന്നിട് ചെയ്തോടി കൊച്ചെ നീ? തലമുടി ചകിരിനാര്‌ പോലെയായി…” – എന്നൊക്കെ പറഞ്ഞ് ടീച്ചറുടെ ശകാരങ്ങൾ ഒരുവശത്തു നടക്കുമ്പോൾ, ഞാൻ അവളെ നോക്കി നിൽക്കായിരുന്നു. കട്ടി മുടിയുള്ള, കറുത്ത വലിയ വട്ടപ്പൊട്ട് തൊട്ട, കണ്ണെഴുതി, നുണക്കുഴി ചിരിയുമായി നിന്ന അവളെ.

“ചേട്ടായീടെ പേരെന്നാ?”

“ങേ…?”

“പേരെന്നാ… ന്ന്?”

“സന്തോഷ് ”

“എന്നിട്ട് മുഖത്ത് ഭയങ്കര ഗൗരവം ആണല്ലോ?”

ഞാൻ ഒന്ന് ചരിച്ചു.  അത് കണ്ട് അവളും.

ഓട്ടം പോകുമ്പോ, ബാക്ക് സീറ്റിലിരിക്കുന്നവരുടെ സംസാരത്തിലേക്ക് ഒരുപാട് തലയിടാതിരിക്കാൻ എപ്പോഴും ഞാൻ നോക്കും. പക്ഷെ ചിലപ്പോ കയ്യീന്ന് പോകും.
ചിലപ്പൻകാടയെന്നാ മാഷവളെ കളിയാക്കിവിളിക്കുന്നത്. അതിൽ കാര്യമുണ്ട്. ഓരോ ഓട്ടത്തിനിടയിലും വാതോരാതെ അവൾ സംസാരിക്കും. അതിൽ നാട്ടുകാരുണ്ടാകും, വീട്ടുകാരുണ്ടാകും, അവളുണ്ടാകും, ഞാനുണ്ടാകും.
അങ്ങനെ തോന്നിത്തുടങ്ങിയ ഒരിഷ്ടം…

“എന്നിട് ശ്യാമേച്ചിയോട് പറഞ്ഞില്ലേ?”

“ഇല്ല.”

“ഹ! പറയാതെ എങ്ങനെയാ അറിയാ? തോന്നിയത് അങ്ങ് പറഞ്ഞേക്കണം. ബാക്കി വരുന്നിടത്തുവെച്ച്. കിട്ടിയാ കിട്ടി, പോയാ പോയി. അത്രേള്ളൂ.”

“ഒരുപാട്… ഒരുപാട്… ഇഷ്ടം തോന്നിയ ഒരാളെ, കിട്ടിയാ കിട്ടി പോയാ പോയീന്ന് എങ്ങനെയാടാ ഓർക്കുന്നേ? പറ്റുവോ അതിന്?”

“എന്നിട് ഇപ്പൊ എന്താ പോയില്ലേ?”

-കുറേ നേരത്തേക്ക് സന്തോഷേട്ടൻ ഒന്നും മിണ്ടിയില്ല. –

“പുറകേ നടന്ന് ഇഷ്ടം പറഞ്ഞ്, ആരെയും നോക്കാതെ പ്രേമിക്കുന്ന, ധൈര്യമുള്ള ആൺപിള്ളേർ മാത്രമല്ലെടാ ഇവിടെയുള്ളത്. നല്ല പേടിയുള്ളവന്മാരും ഉണ്ട് – ദേ എന്നെപ്പോലെ. ഉള്ളിൽ തോന്നിയത് പറയാതെ, പറയാൻ പറ്റാതെ, ഇങ്ങനെ…
അതിനിപ്പോ കാരാണെമെന്താണെന്ന് ചോദിച്ചാ, ഇന്നതെന്ന് ഒരെണ്ണമായിട്ട് പറയാൻ അറിയില്ല. ഉള്ള സൗഹൃദം ഇല്ലാണ്ടായാലോയെന്നുള്ള പേടി, ആഗ്രഹിക്കാൻ പാടില്ലാത്തതാണെന്നുള്ള കുറ്റബോധം, ഒന്നുമില്ലാത്തവനാണെന്നുള്ള തോന്നൽ… അങ്ങനെ എന്തൊക്കെയോ.”

“നിങ്ങളെന്തൊക്കെയാ സന്തോഷേട്ടാ ഈ പറയുന്നേ?”

“അറിയാടാ. കൈവിട്ട് പോയിക്കഴിഞ്ഞപ്പോഴാ അവളെനിക്ക് എത്രത്തോളം ആയിരുന്നെന്ന് മനസ്സിലായത്.
ധൈര്യമില്ലാണ്ടായിപോയി. ഒന്നിനും.
എല്ലാർക്കും ഒരു തമാശയാണ്. കടാപ്പുറത്തൂടെ പാടി പാടി നടന്ന് മതിയായില്ലേ എന്നൊക്കെ ചോദിക്കും.
പക്ഷെ അവളുടെ പേര് എവിടേലും കേട്ടാ, അതിപ്പോ എവിടാണേലും എപ്പോഴാണേലും, ഞാൻ അങ്ങ് വല്ലാണ്ടാകും. വേണം എന്ന് വെച്ചിട്ടല്ല. അറിയാതെ അങ്ങനെ ആയിപ്പോകും.
ദേ ഈ കണ്ണൊന്നടച്ചാൽ ഇപ്പോഴും കാണാടാ എനിക്കവളെ.”


ശ്യാമേച്ചിയെ വിവാഹം ചെയ്ത്  സുഖമായി ജീവിക്കുന്നത് സ്വപ്നം കാണാറുണ്ടെന്ന് പറഞ്ഞപ്പോൾ, അറിയാതെ ഞാൻ ചിരിച്ചുപോയി.

“ചിരിക്കാനൊന്നുവില്ലെടാ… മറ്റൊരുത്തന്റെ പെണ്ണിനെ സ്വപ്നം കാണാൻ പാടില്ല. ശരിയാണ്. പക്ഷെ ആരേക്കാളും മുന്നേ അവളെ സ്വപ്നം കണ്ടുതുടങ്ങിയവനാ ഞാൻ. അതുകൊണ്ട് ഇന്നേവരെ എനിക്കതൊരു തെറ്റായിട്ട് തോന്നിയിട്ടില്ല.
ആർക്കറിയാം; ഒരുപക്ഷെ ഇനിയൊരിക്കലും ഞാൻ അങ്ങനെയൊന്ന് കണ്ടില്ലെന്നുംവരാം.

ഞങ്ങടെ പതിഞ്ചാമത്തെ വാർഷികത്തിന്റെയന്ന്, അതിരാവിലെ എനിക്കൊരു ഓട്ടം പോകണ്ടവന്നു. എന്നാ പറയാനാ, രണ്ടു ദിവസം മുന്നേവരെ ഞാൻ ഓർത്തിരുന്നതാ. അന്ന് കൃത്യം അങ്ങ് മറന്നു. ഉച്ചതിരിഞ്ഞ് സ്റ്റാൻഡിൽ കിടക്കുമ്പോഴാ പെട്ടെന്ന്…

ചാടിപിടിച്ച് നമ്മടെ നെൽസന്റെ ബേക്കറിയിൽനിന്ന് ഒരു ചെറിയ കേക്കും, അവക്ക് ഏറ്റവും ഇഷ്ടമുള്ള കടലമിഠായി ഒരു പായ്ക്കറ്റും മേടിച്ച്, ഞാൻ ഒരൊറ്റ ഓട്ടംകൊടുത്തു വീട്ടിലേക്ക്.

ഒന്നാലോചിച്ചാ… ഈ കല്യാണ വാർഷികം മറന്നുപോകുന്നത് അത്ര വല്യ കാര്യവൊന്നുവല്ല. എന്നാലും ഇതൊക്കെയല്ലേടാ ചെറിയ സന്തോഷങ്ങള്.

വീട്ടിലേക്ക് കയറിച്ചെല്ലുമ്പോ, അവൾ തിണ്ണയിലിരുന്ന് കൂർക്ക ഒരുക്കിക്കൊണ്ടിരിക്കാ. മുഖത്തേക്ക് നോക്കുന്നതേയില്ല. ഞാൻ നേരെ മുറിയിലേക്കുപോയി വെള്ള മാറി കൈലി ഉടുത്ത് ഒരു ചായക്ക്‌ ചോദിച്ചു. കൂർക്കപ്പാത്രോം തട്ടിത്തെറുപ്പിച്ച് അടുക്കളയിലേക്ക് പോണകണ്ടപ്പോ, സത്യം പറഞ്ഞാ എനിക്ക് ചിരിയാവന്നെ. പയ്യെ കൂടുപൊട്ടിച്ച് ഒരു കടലമിഠായിയും കയ്യിലെടുത്ത് നേരെ അടുക്കളയിലേക്ക് വച്ചുപിടിച്ചു. പുറകിൽ ചെന്നുനിന്ന്, വട്ടം പിടിച്ച് അവളെ തിരിച്ചുനിർത്തി. ‘വിട്ടുപോയെടീ…’ന്നും പറഞ്ഞ് നെറ്റിയിലൊരുമ്മ കൊടുത്തു. കൈതുറന്നു കടലമിഠായി നീട്ടി യപ്പോ, അത് മേടിച്ച് വായിലിട്ടേച്ച് – ‘ഇതു രാവിലെ തരുവായിരുന്നേൽ ആ കൂർക്ക അത്രേം പോകുവാർന്നോ’ന്നും ചോദിച്ച് അവളൊരു ചിരിയാടാ…”


തിരിച്ചൊന്നും പറഞ്ഞില്ല ഞാൻ. ഇത് സ്വപ്നമാണോ അതോ യാഥാർഥ്യമാണോയെന്നറിയാതെ കേട്ടുനിന്നു. ഒടുക്കം നിശബ്ദത അസഹ്യമായപ്പോൾ, തമാശപോലൊന്ന് ആലോചിച്ചെടുത്ത് ഞാൻ ചോദിച്ചു:-

“അല്ല… ഈ 10-15 കൊല്ലം ആയിട്ട് പിള്ളേരൊന്നുമായില്ലേ?”

“ആ! അറിയത്തില്ല. അത് കണ്ടുപിടിക്കാനും പറ്റിയില്ല, പിന്നെ നമ്മടെ തമിഴൻ അണ്ണാച്ചിയുടെ കൈയിൽനിന്ന് ആഴ്‌ച അടവിന്  ഒരു ഒഴുക്കൻ സാരി മേടിച്ച് ഡാഷിലിട്ടായിരുന്നു. കൂടെ ഒരു സെറ്റ് കറുത്ത പൊട്ടും. അത് രണ്ടും കൊടുക്കാനും ഒത്തില്ല. അപ്പോഴേക്കും നമ്മടെ മത്തൻചേട്ടൻ ഫോണിൽ ഒരു ഓട്ടം വിളിച്ചു.”

“…. നിങ്ങക്കേ.. വട്ടാ. നല്ല മുഴുത്ത വട്ട്…”




ഡ്രൈവിങ്ങ് സീറ്റിന്റെ അടിയിലെ ബോക്സിൽ ആരും കാണാതെ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന ഒരു ഡയറിയുണ്ട്. അതിൽ ഒഴുക്കൻ സാരിയുടുത്ത്, കണ്ണെഴുതി, കറുത്ത വലിയ വട്ടപ്പൊട്ടുതൊട്ട്, പിന്നിയിട്ട മുടിയുമായി, നുണക്കുഴികാട്ടി ചിരിച്ചു നിൽക്കുന്ന ഒരാളുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയും.